ഇന്ത്യൻ ടീം 2022 ട്വന്റി20 ലോകകപ്പിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നം ബാറ്റർ കെ എൽ രാഹുലിന്റെ മോശം ഫോമാണ്. ഇതുവരെ ലോകകപ്പിന്റെ സൂപ്പർ 12ൽ മൂന്നു മത്സരങ്ങൾ കളിച്ച രാഹുൽ 22 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ രാഹുലിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. കെ എൽ രാഹുലിന് പകരം ഇന്ത്യ റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ഹർഭജൻ പറയുന്നത്.
കെ എൽ രാഹുലിന്റെ മോശം ഫോമിൽ തന്റെ നിരാശയും ഹർഭജൻ സിംഗ് പ്രകടിപ്പിക്കുകയുണ്ടായി. “ഇന്ത്യ കുറച്ച് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരും. കാരണം നമ്മൾ ശ്രദ്ധിക്കേണ്ടത് എങ്ങനെ മുൻപോട്ടു പോകണമെന്നാണ്. കെ എൽ രാഹുൽ ഒരു മികച്ച കളിക്കാരനും മാച്ച് വിന്നറുമാണെന്ന് നമുക്കറിയാം. പക്ഷേ നിലവിൽ അയാൾ ഫോം കണ്ടെത്താൻ വിഷമിക്കുകയാണ്. ഈ സമയത്ത് അദ്ദേഹത്തിനു പകരം റിഷാഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തുന്നതാവും ഉത്തമം.”- ഹർഭജൻ പറഞ്ഞു.
“ദിനേശ് കാർത്തിക്കിന് പരിക്കേറ്റിട്ടുണ്ട്. ഇപ്പോൾ അയാളുടെ അവസ്ഥയെന്ത് എന്ന് എനിക്കറിയില്ല. അയാൾക്ക് അടുത്ത മത്സരത്തിൽ കളിക്കാനായില്ലെങ്കിൽ രോഹിത് ശർമയോടൊപ്പം റിഷഭ് പന്ത് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യണം. ഒപ്പം ദീപക് ഹൂഡയേയും ടീമിൽ ഉൾപ്പെടുത്തണം. കുറച്ച് ഓവറുകൾ ബോൾ ചെയ്യാനും അയാൾക്ക് സാധിക്കും.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം രവിചന്ദ്രൻ അശ്വിനു പകരം ചാഹലിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നും ഹർഭജൻ പറയുന്നു. ചാഹൽ ഒരു വിക്കറ്റ് വേട്ടക്കാരനാണെന്നും അയാളെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ഹർഭജൻ പറഞ്ഞുവയ്ക്കുന്നു. ബുധനാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത സൂപ്പർ പന്ത്രണ്ട് മത്സരം നടക്കുക.