ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ പരാജയത്തിൽ പ്രധാന കാരണമായത് മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ മുൻനിരയ്ക്ക് ശക്തിക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ വന്നു. മധ്യനിരയും തകർന്നുവീണു. ഇതിനെതിരെ പല മുൻ ക്രിക്കറ്റർമാരും വിമർശനവുമായി എത്തുകയുണ്ടായി. മധ്യനിരയുടെ മോശം പ്രകടനത്തിൽ പലരും എടുത്തു പറയുന്നത് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കിനെ തന്നെയാണ്. വലിയ പ്രതീക്ഷകളോടെ ഇന്ത്യൻ ടീമിന്റെ ഫിനിഷറായി തിരിച്ചുവരവ് നടത്തിയെങ്കിലും ഇതുവരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കാർത്തിക്കിന് സാധിച്ചിട്ടില്ല. ഇപ്പോൾ കാർത്തിക്കിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്.
കാർത്തിക്കിന് പകരം റിഷഭ് പന്തായിരുന്നു ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ കൂടുതൽ മെച്ചം എന്നാണ് സേവാഗ് പറയുന്നത്. “ആദ്യദിവസം മുതൽ ഇതുതന്നെയാണ് കഥ. പന്ത് ഓസ്ട്രേലിയയിൽ ടെസ്റ്റും ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. നന്നായി കളിച്ചിട്ടുണ്ട്. എന്നാൽ ദിനേശ് കാർത്തിക്ക് എന്നാണ് അവസാനമായി ഓസ്ട്രേലിയയിൽ കളിച്ചത്? ഇത് ബാംഗ്ലൂർ വിക്കറ്റല്ലല്ലോ.
ദക്ഷിണാഫ്രിക്കക്കെതിരെ പോലും ഇന്ത്യയ്ക്ക്, ഹൂഡയ്ക്കു പകരം പന്തിനെ ടീമിൽ ഉൾപ്പെടുത്താമായിരുന്നു. കാരണം പന്തിന് അവിടെ കളിച്ചു നല്ല പരിചയമുണ്ട്.”- സേവാഗ് പറയുന്നു. ‘എനിക്ക് നിർദ്ദേശങ്ങൾ നൽകാൻ മാത്രമേ സാധിക്കൂ. ഇത് മാനേജ്മെന്റിന്റെ തീരുമാനമാണ്. കാർത്തിക്ക് ഫിറ്റാണെങ്കിൽ അവർ കാർത്തിക്കിലേക്ക് തന്നെ പോകാനാണ് സാധ്യത. പക്ഷേ എന്നെ സംബന്ധിച്ച് ഋഷഭ് പന്താണ് ഇന്ത്യയുടെ ഇലവനിൽ കളിക്കേണ്ടത്.”- സേവാഗ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തനിക്ക് ഫിനിഷ് ചെയ്യാൻ ലഭിച്ച അവസരം ദിനേശ് കാർത്തിക്ക് വിനിയോഗിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെ കാർത്തിക്ക് 15 പന്തുളിൽ 6 റൺസായിരുന്നു നേടിയത്. ഈ സാഹചര്യത്തിലാണ് വിമർശനങ്ങൾ ഉയരുന്നത്.