ട്വന്റി 20 ലോകകപ്പിലേക്ക് ചുരുക്കം ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരുപാട് പ്രശ്നങ്ങളാണ് ഇന്ത്യൻ ടീമിന് നിലവിലുള്ളത്. മധ്യനിരയുടെ ദുർബലതയും, ഫാസ്റ്റ് ബോളിങ്ങിൽ ആരുംതന്നെ താളം കണ്ടെത്താത്തതും ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. സീമർമാർക്ക് ആദ്യ ഓവറുകളിൽ വിക്കറ്റ് കണ്ടെത്താൻ സാധിക്കാത്തതാണ് ഇന്ത്യയുടെ പ്രധാനപ്രശ്നം. എന്നാൽ ട്വന്റി20 ലോകകപ്പിലേക്കു പോകുമ്പോൾ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഓസ്ട്രേലിയയിൽ നടക്കുന്ന t20 ലോകകപ്പിലേക്ക് ഇന്ത്യ മുഹമ്മദ് ഷാമിയെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് പത്താൻ പറയുന്നത്. ന്യൂബോളിൽ ഇന്ത്യയ്ക്ക് ശക്തിപകരാൻ ഷാമിയ്ക്ക് സാധിക്കുമെന്നാണ് പത്താൻ പറയുന്നത്.
ഏഷ്യാകപ്പിൽ 182ഉം 174ഉം റൺസ് നേടിയിട്ടും എതിർടീമിനെ എറിഞ്ഞിടാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ഇർഫാൻ പത്താൻ തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. “നിലവിലെ ടീമിൽ, നമുക്ക് ഒരു ആറാം ബോളറെ ഉപയോഗിക്കാൻ കഴിയുന്നില്ല. മാത്രമല്ല മറ്റ് അഞ്ച് ബോളർമാരിൽ നിന്ന് വിക്കറ്റുകളും ലഭിക്കുന്നില്ല.
അതിനാൽതന്നെ ലോകകപ്പിലേക്ക് പോകുമ്പോൾ ഒരു ബോളർ മുൻപിലേക്ക് വന്ന് ഇന്ത്യയെ ഈ പ്രശ്നങ്ങളിൽനിന്ന് രക്ഷിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. നമ്മൾക്കാവശ്യം ഒരു ന്യൂബോൾ ബോളറെയാണെങ്കിൽ മുഹമ്മദ് ഷാമി തന്നെയാണ് പറ്റിയ ആൾ,”- പത്താൻ പറയുന്നു. “ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് വരാൻ ശ്രമിക്കുന്ന ഒരുപാട് ബോളർമാരുണ്ട്. പക്ഷെ അവരൊക്കെയും ചെറുപ്പമാണ്. മാത്രമല്ല പരിചയസമ്പന്നത കുറവും.
പരിചയസമ്പന്നത കണക്കിലെടുത്ത് കഴിഞ്ഞാൽ മുഹമ്മദ് ഷാമി തന്നെയാണ് ഇന്ത്യയ്ക്കായി അൽഭുതങ്ങൾ കാട്ടാൻ സാധിക്കുന്ന ബോളർ.”- പത്താൻ കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ ലോകകപ്പിനുശേഷം ഇന്ത്യ മുഹമ്മദ് ഷാമിയെ ട്വന്റി20കളിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതുവരെ 17 ട്വന്റി20 മത്സരങ്ങൾ മാത്രമാണ് ഷാമി ഇന്ത്യയ്ക്കായി കളിച്ചതെങ്കിലും ഐപിഎല്ലിൽ ഗുജറാത്ത് ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ച് നല്ലൊരു ചോയ്സ് തന്നെയാണ് മുഹമ്മദ് ഷാമി.