അശ്വിന് പകരം അവനെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടത്!! ഹർഭജൻ സിംഗ് പറയുന്നു!!

   

ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലെ ലൈനപ്പ് സംബന്ധിച്ച് വലിയ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും തങ്ങളുടെ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താതെയാണ് ഇന്ത്യ ഇറങ്ങാറുള്ളത്. ഇന്ത്യയെ സംബന്ധിച്ച് ഈ തന്ത്രം വളരെയേറെ വിജയകരവുമാണ്. ഇന്ത്യ ടീമിൽ സ്പിന്നറായി കഴിഞ്ഞ മത്സരങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത് രവിചന്ദ്രൻ അശ്വിനെയും അക്ഷർ പട്ടേലിനേയുമായിരുന്നു. എന്നാൽ അശ്വിന് പകരം ഇന്ത്യ ചാഹലിനെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടത് എന്നതാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗിന്റെ അഭിപ്രായം.

   

മധ്യ ഓവറുകളിൽ ഇന്ത്യയ്ക്കായി ആവശ്യമായ വിക്കറ്റുകൾ നേടാൻ സാധിക്കുന്ന ബോളർ ചാഹലാണെന്നാണ് ഹർഭജൻ സിംഗ് പറയുന്നത്. “അശ്വിന് ഇതുവരെ മതിയായ രീതിയിൽ വിക്കറ്റുകൾ നേടാൻ സാധിച്ചിട്ടില്ല. റൺസ് വഴങ്ങാതെ ബോൾ ചെയ്യുന്നതിലും പലപ്പോഴും അശ്വിൻ പരാജയപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്ക്കും പാകിസ്ഥാനുമെതിരെ അശ്വിൻ റൺസ് വഴങ്ങുകയുണ്ടായി.നമുക്ക് മധ്യ ഓവറുകളിൽ വിക്കറ്റാണ് ആവശ്യം. ചാഹലിന് അതിന് സാധിക്കുമെന്ന് പലതവണ അയാൾ തെളിക്കുകയും ചെയ്തിട്ടുണ്ട്. കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ചാഹലിന് സാധിക്കും. ഞാൻ ടീം മാനേജ്മെന്റിന്റെ ഭാഗമായിരുന്നെങ്കിൽ ചാഹലിനെ തീർച്ചയായും പിന്തുണച്ചേനെ.”- ഹർഭജൻ പറഞ്ഞു.

   

ഇതിനൊപ്പം ഇന്ത്യ അടുത്ത മത്സരത്തെ എങ്ങനെ സമീപിക്കണമെന്നും ഭാജി പറയുകയുണ്ടായി. “ഇന്ത്യ സിംബാബ്വെയ്ക്കെതിരായ മത്സരം ഒരു ക്വാർട്ടർ ഫൈനൽ പോലെ കാണണം. അതിൽ ജയിച്ചേ മതിയാവൂ. പിഴവ് വരുത്തിയാൽ അതു മുതലെടുക്കാൻ സിംബാബ്വെയ്ക്ക് സാധിക്കും.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.

   

നവംബർ ആറിനാണ് ഇന്ത്യയുടെ സിംബാബ്വെക്കെതിരായ സൂപ്പർ പന്ത്രണ്ട് മത്സരം നടക്കുന്നത്. മത്സരത്തിൽ ഒരു വമ്പൻ വിജയം തന്നെ നേടി ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലെത്താനാവും ഇന്ത്യ ശ്രമിക്കുന്നത്. എന്തായാലും മത്സരത്തിൽ തീപാറും എന്നത് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *