ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിനു മുൻപേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഫാസ്റ്റ് ബോളർ മുഹമ്മദ് ഷാമിയുടെ പരിക്ക്. പര്യടനത്തിന് തൊട്ടുമുൻപ് പരിക്കേറ്റ ഷാമിയെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഷാമിയ്ക്ക് പകരക്കാരനെ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിലേക്ക് നിശ്ചയിച്ചിരിക്കുകയാണ് ഇന്ത്യ ഇപ്പോൾ. ഇടംകയ്യൻ ബോളർ ജയദേവ് ഉനാദ്കട്ടാണ് ടെസ്റ്റ് പരമ്പരയിൽ ഷാമിയ്ക്ക് പകരം ഇന്ത്യക്കായി കളിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. മുൻപ് 2022ലെ വിജയ് ഹസാരെ ട്രോഫിയിൽ സൗരാഷ്ട്രയുടെ ക്യാപ്റ്റനായിരുന്ന ഉനാദ്കട്ട് അവരെ ടൂർണമെന്റിൽ ജേതാക്കളാക്കിയിരുന്നു.
എന്നിരുന്നാലും ഇക്കാര്യത്തെ സംബന്ധിച്ച് ബിസിസിഐ തങ്ങളുടെ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. കഴിഞ്ഞ സമയങ്ങളിൽ ഉനാദ്കട്ട് കാഴ്ചവച്ച ഉഗ്രൻ ബോളിംഗ് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം ഇന്ത്യയെടുത്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ് ഹസാരെ ട്രോഫിയിൽ പത്തു മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ ഉനാദ്കട്ട് നേടിയിരുന്നു. 16.1 ആയിരുന്നു ഉനാദ്കട്ടിന്റെ ബോളിങ് ശരാശരി. മാത്രമല്ല വിജയ് ഹസാരെ ട്രോഫിയിൽ ഏറ്റവുധികം വിക്കറ്റ് നേടിയ ബോളറും ഉനാദ്കട്ട് ആയിരുന്നു.
ഇന്ത്യക്കായി ഇതുവരെ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ഉനാദ്കട്ട് കളിച്ചിട്ടുള്ളത്. 2010ൽ ദക്ഷിണാഫ്രിക്കെതിരെയായിരുന്നു ഏക ടെസ്റ്റ്. ശേഷം ഏഴ് ഏകദിനങ്ങളും 10 ട്വന്റി 20കളും ഇന്ത്യക്കായി ഉനാദ്കട്ട് കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ കളിക്കാൻ സാധിച്ചാൽ മറ്റൊരു റെക്കോർഡ് ഉനാദ്കട്ടിനെ തേടിയെത്തും. രണ്ടു ടെസ്റ്റുകൾ തമ്മിൽ ഏറ്റവുമധികം ഗ്യാപ്പുള്ള ഇന്ത്യൻ ക്രിക്കറ്റർ എന്ന റെക്കോർഡാണ് സ്വന്തമാക്കുക.
ഇന്ത്യയിൽ 96 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ ഉനാദ്കട്ട് കളിച്ചിട്ടുണ്ട്. ഇതിൽനിന്നായി 383 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 2019-20 രഞ്ജി ട്രോഫിയിൽ 67 വിക്കറ്റുകൾ നേടിയ ഉനാദ്കട്ട് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.