പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ഒരു തകർപ്പൻ ഫിനിഷിംഗാണ് ഹർദിക് പാണ്ട്യ നടത്തിയത്. ശേഷം പാണ്ട്യയെ പ്രകീർത്തിച്ച് ഒരുപാട് മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്തുവരികയുണ്ടായി. ഇപ്പോൾ പാണ്ട്യയുടെ പ്രകടനം എങ്ങനെ ഇന്ത്യൻ ആരാധകരെയും ടീമിലെ കളിക്കാരെയും സ്വാധീനിച്ചു എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞിരിക്കുന്നത്.
ഹർദിക് പാണ്ഡ്യ ആരാധകരുടെ മാത്രമല്ല, തന്റെ കൂടെ കളിക്കുന്നവരുടെ ബഹുമാനവും ആ ഫിനിഷിംഗ് സിക്സിലൂടെ നേടിയെടുത്തുവെന്നാണ് കൈഫിന്റെ പക്ഷം.”ആ ഒരൊറ്റ ഫിനിഷിംഗ് സിക്സറോടെ പാണ്ട്യ ഡ്രെസ്സിങ് റൂമിൽ ഉള്ളവരുടെ ബഹുമാനവും ആരാധകരുടെ ആത്മവിശ്വാസവും നേടിയെടുക്കുകയുണ്ടായി. അതിനാൽതന്നെ ഇന്ത്യയുടെ മുൻനിര വിക്കറ്റുകൾ ആദ്യമേ നഷ്ടമായാലും ഇനി ആരും ടിവി ഓഫ് ചെയ്യില്ല. കാരണം ‘ഹർദിക് ഉണ്ടല്ലോ’ എന്നൊരു വികാരം ആരാധകരിൽ ഉണ്ടാക്കിയെടുക്കാൻ അയാൾക്ക് സാധിച്ചു. “- കൈഫ് പറയുന്നു.
ഒരു സമയത്ത് സച്ചിന്റെ വിക്കറ്റ് നഷ്ടമായാൽ ടിവി ഓഫ് ചെയ്യുന്ന ഒരു ഇന്ത്യൻ ജനത ഉണ്ടായിരുന്നു. എന്നാൽ ടീമിന്റെ ഫിനിഷറായി ധോണി എത്തുകയും ഇന്ത്യൻ ജനതയ്ക്ക് ഒരു പ്രതീക്ഷ നൽകുകയും ചെയ്തു. അതുപോലെതന്നെയാണ് ഹർദ്ദിക്കും ഇപ്പോൾ ചെയ്തിരിക്കുന്നതെന്ന് കൈഫ് പറയുന്നു. ഇതോടൊപ്പം ബോളിങ്ങിലും ബാറ്റിങ്ങിലും അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഹാർദിക്കിനെ പ്രശംസിക്കാനും കൈഫ് മറക്കുന്നില്ല.
മുൻപും കൈഫ് ഇത്തരം പ്രസ്താവനകളും പ്രവചനങ്ങളും നടത്തിയിരുന്നു. ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരത്തിനുമുമ്പ് ഭുവനേശ്വർ കുമാർ ബാബർ ആസമിന്റെ വിക്കറ്റ് വീഴ്ത്തുമെന്ന് കൈഫ് പ്രവചിക്കുകയുണ്ടായി. അതേപോലെതന്നെ ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ സംഭവിക്കും, ഭുവനേശ്വർ കുമാർ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.