ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യയുടെ ദയനീയമായ പരാജയത്തിന് ശേഷം രോക്ഷകുലരായിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരങ്ങൾ. സെമിയിൽ ബാറ്റിങ്ങിലും ബോളിങ്ങിലും തീർത്തും പരാജയപ്പെട്ട ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് പലരും രംഗത്ത് വന്നത്. ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് ചില വിരമിക്കലുകൾ ഉണ്ടാവുമെന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ ഇപ്പോൾ. രോഹിത് ശർമയുടെ കയ്യിൽ നിന്നും ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഹർദിക്ക് പാണ്ട്യ ഏറ്റെടുക്കണമെന്നും സുനിൽ ഗവാസ്കർ പറയുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകനെന്ന നിലയിൽ ഗുജറാത്ത് ടീമിനെ പാണ്ഡ്യ ജേതാക്കളാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടെയാണ് സുനിൽ ഗവാസ്കർ സംസാരിക്കുന്നത്. “ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായുള്ള തന്റെ ആദ്യ സീസണിൽ തന്നെ ഹർദിക്ക് ലക്ഷ്യം കാണുകയുണ്ടായി. അതിനാൽതന്നെ ഇന്ത്യയുടെ നായകസ്ഥാനവും ഭാവിയിൽ ഹാർദിക്കിന് നൽകുന്നതാവും ഉത്തമം. മാത്രമല്ല ഇന്ത്യൻ ട്വന്റി20 ടീമിൽ നിന്ന് കുറച്ചു വിരമിക്കലുകളും ഞാൻ പ്രതീക്ഷിക്കുന്നു.”- സുനിൽ ഗവാസ്കർ പറഞ്ഞു.
“കളിക്കാർ ഒരുപാട് ചിന്തകൾ നൽകുന്നുണ്ട്. 30-35 വയസ്സുള്ള കുറച്ചധികം കളിക്കാർ ഇന്ത്യൻ നിരയിലുണ്ട്. അവരൊക്കെയും ഇന്ത്യയുടെ ട്വന്റി20 ടീമിൽ തങ്ങളുടെ സ്ഥാനം പുനർവിചിന്തനം നടത്തേണ്ടതുണ്ട്.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം നോക്കൗട്ട് മത്സരങ്ങളിലെ ഇന്ത്യയുടെ മോശം പ്രകടനങ്ങളെപറ്റിയും ഗവാസ്കർ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി.
“ഇന്ത്യൻ നിരയെ സംബന്ധിച്ച് ബാറ്റിംഗാണ് അവരുടെ പ്രധാന ശക്തി. എന്നാൽ സെമിഫൈനലുകളിൽ അവർ റൺസ് കണ്ടെത്തുന്നില്ല. ഗ്രൂപ്പ് സ്റ്റേജിൽ നേരിട്ടതിനെക്കാളും മികച്ച ബോളിംഗ് നിരയെയാവും സെമി ഫൈനലുകളിൽ നേരിടേണ്ടിവരുന്നത്. പക്ഷേ ബോളർമാർക്ക് പ്രതിരോധിക്കാവുന്ന റൺസ് കണ്ടെത്തേണ്ടതുണ്ട്.”- ഗവാസ്കർ പറഞ്ഞുവയ്ക്കുന്നു.