ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ബാറ്റർ ചേതേശ്വർ പൂജാര കാഴ്ചവെച്ചത്. ഇന്നിംഗ്സിൽ 90 റൺസാണ് പൂജാര നേടിയത്. നാലാം വിക്കറ്റിൽ പൂജാര പന്തുമായി കെട്ടിപ്പടുത്ത കൂട്ടുകെട്ടായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ ആശ്വാസം നൽകിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 64 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി നേടിയത്. ശേഷം പന്തിനൊപ്പം ബാറ്റ് ചെയ്യുമ്പോഴുള്ള മെച്ചത്തെപ്പറ്റി പൂജാര സംസാരിക്കുകയുണ്ടായി.
പന്തിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ കാര്യങ്ങൾ തനിക്ക് അനായാസമായി മാറുന്നുണ്ട് എന്നാണ് പൂജാര പറഞ്ഞത്. “പന്തിന്റെ തന്ത്രം വളരെ ലളിതമാണ്. അവൻ ആക്രമിച്ചു കളിക്കും. ഞങ്ങളെ സംബന്ധിച്ച് അത് നല്ലതാണ്. ഞങ്ങളുടെ കൂട്ടുകെട്ടിൽ ബോളർമാർ സമ്മർദ്ദത്തിലായിരുന്നു. അതിന് കാരണം പന്തിന്റെ ഈ സമീപനമാണ്. ഇത് ബാറ്റിംഗ് കൂടുതൽ അനായാസമാക്കുന്നു. ബോളർമാർ സമ്മർദ്ദത്തിലായതിനാൽ തന്നെ എനിക്കും ലൂസ് ബോളുകൾ ലഭിക്കുകയുണ്ടായി.”- പൂജാര പറയുന്നു.
“ഞങ്ങൾ ആ കൂട്ടുകെട്ട് വളരെ നന്നായി ആസ്വദിച്ചിരുന്നു. എന്തെന്നാൽ അവന് അറിയാമായിരുന്നു ഞാൻ അടുത്ത എൻഡിൽ ഉണ്ടെന്ന്. ഞങ്ങൾ കൃത്യമായി കൂട്ടുകെട്ടുണ്ടാക്കാൻ തന്നെയാണ് ശ്രമിച്ചത്. അതിനായി അവൻ തന്റേതായ രീതിയിൽ കളിച്ചു. അത് ടീമിന് വളരെ പ്രധാനപ്പെട്ടതായിരുന്നു.”- പൂജാര കൂട്ടിച്ചേർക്കുന്നു.
“ബംഗ്ലാദേശിന് രണ്ട് ഇടംകൈയൻ സ്പിന്നർമാരാണ് ഉണ്ടായിരുന്നത്. അതിനാൽതന്നെ പന്തിന് കാര്യങ്ങൾ എളുപ്പമായി. ഇങ്ങനെ ഇടംകൈ – വലംകൈ കോമ്പിനേഷനുള്ളപ്പോൾ എതിരെ നിൽക്കുന്ന ബാറ്റർക്കും കാര്യങ്ങൾ എളുപ്പമാണ്. ആ രണ്ട് ഇടംകയ്യൻ സ്പിന്നർമാരെയും അടിച്ചുതൂക്കാൻ തന്നെയായിരുന്നു ആ സമയത്ത് പന്തിനെ ഇറക്കിയത്.”- പൂജാര പറയുന്നു.