ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് കാഴ്ചവച്ചത്. മത്സരത്തിൽ നിശ്ചിത പത്ത് ഓവറുകളിൽ 32 റൺസ് മാത്രം വിട്ട് നൽകി മൂന്നു വിക്കറ്റ്കളാണ് സിറാജ് സ്വന്തമാക്കിയത്. ഇതിൽ ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്‌ഫിഖുർ റഹീമിന്റെ നിർണായക വിക്കറ്റാണ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകിയത്. നിലവിൽ ഇന്ത്യൻ ടീമിനുവേണ്ടി ഏറ്റവും സ്ഥിരതയോടെ ബോൾ ചെയ്യുന്ന ബോളർ മുഹമ്മദ് സിറാജാണ് എന്നാണ് ഇന്ത്യൻ ബാറ്റർ ദിനേഷ് കാർത്തിക് പറയുന്നത്.
“സിറാജ് ന്യൂബോളിൽ വളരെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ഒപ്പം മധ്യഓവറുകളിലും കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്താനും സിറാജിന് സാധിക്കുന്നുണ്ട്. തീർച്ചയായും ഇന്ത്യ തിരഞ്ഞു നടന്ന തരത്തിലുള്ള ഒരു ബോളർ തന്നെയാണ് മുഹമ്മദ് സിറാജ്. ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിൽ സിറാജ് ഗുണമാകും. ബുംറ ഇന്ത്യക്കൊപ്പമുണ്ട്. എന്നാൽ ഇന്ത്യയുടെ മറ്റ് സ്ലോട്ടുകൾ ഒഴിഞ്ഞു കിടക്കുകയാണ്. എനിക്ക് തോന്നുന്നത് ലോകകപ്പിൽ ഇന്ത്യൻ ടീമിലെത്താൻ ശക്തമായി മത്സരിക്കുന്ന ഒരാൾ തന്നെയാണ് സിറാജ് എന്നാണ്.”- കാർത്തിക് പറയുന്നു.
“കഴിഞ്ഞ സമയങ്ങളിലൊക്കെ സ്ഥിരതയോടെയാണ് സിറാജ് ബോൾ ചെയ്തിട്ടുള്ളത്. ദക്ഷിണാഫ്രിക്കൻ സീരീസിലും സിറാജായിരുന്നു മാൻ ഓഫ് ദി സീരീസ്. ന്യൂസിലാൻഡിനെതിരായ ട്വന്റി20കളിലും സിറാജ് നന്നായി ബോൾ ചെയ്തു. എന്തായാലും സിറാജ് ലോകകപ്പ് ടീമിലുണ്ടാകും. കാരണം അയാൾ ഗുഡ് ലെങ്തിൽ ബോൾ ചെയ്യുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു.”- കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.
ദക്ഷിണാഫ്രിക്കെതിരെ മൂന്ന് ഏകദിനങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകളായിരുന്നു സിറാജ് സ്വന്തമാക്കിയത്. ശേഷം ന്യൂസിലാൻഡിനെതിരെ ട്വന്റി20കളിൽ നിന്ന് ആറുവിക്കറ്റുകളും സിറാജ് നേടി. ഇതിൽ മൂന്നാം മത്സരത്തിൽ നേടിയ 17ന് നാല് സിറാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ്.