ഏവരും കാത്തിരുന്ന ലോകകപ്പിന്റെ സൂപ്പർ 12 മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയും തങ്ങളുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു. ആദ്യ റൗണ്ടിൽ തന്നെ ഒരുപാട് അട്ടിമറികളോടെയായിരുന്നു ലോകകപ്പിന് തുടക്കം കുറിച്ചത്. അതിനാൽ വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും പ്രവചനതീതം തന്നെ. എന്നാൽ ലോകകപ്പിൽ നടക്കാൻ സാധ്യതയുള്ള ചില കാര്യങ്ങൾ പ്രവചിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. നിലവിലെ സാഹചര്യത്തിൽ ലോകത്തിലെ തന്നെ നമ്പർ വൺ ബാറ്ററാണ് ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലെന്നും, ഈ ലോകകപ്പിലെ ടോപ്പ് റൺസ്കോററായി രാഹുൽ മാറുമെന്നുമാണ് കെവിൻ പീറ്റേഴ്സൺ പറഞ്ഞിരിക്കുന്നത്.
“എനിക്ക് കെഎൽ രാഹുലിനെ ഒരുപാട് ഇഷ്ടമാണ്. എനിക്ക് തോന്നുന്നത് നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഒന്നാം നമ്പർ ബാറ്റർ കെഎൽ രാഹുലാണ് എന്നാണ്. അയാൾ ശരിക്കും അവിസ്മരണീയമായ ഒരു ബാറ്ററാണ്. പന്ത് ബൗൺസും സ്വിങ്ങും സീമും ചെയ്യുന്ന സാഹചര്യത്തിൽ വളരെ മികച്ച രീതിയിൽ കളിക്കാൻ രാഹുലിന് സാധിക്കും. അതിനാൽതന്നെ ഈ ലോകകപ്പിലെ ടോപ്പ് സ്കോററും രാഹുലായിരിക്കും.”- പീറ്റേഴ്സൺ പറയുന്നു.
ഇതോടൊപ്പം 2022ലെ ലോകകപ്പ് നേടുന്ന ടീം ഇംഗ്ലണ്ട് ആയിരിക്കുമെന്നും പീറ്റേഴ്സൺ പറയുന്നു. “ഈ ഇംഗ്ലണ്ട് ട്വന്റി20 ടീം വളരെയധികം മികച്ചതാണ്. അവർക്ക് വളരെയേറെ സാധ്യതകളുണ്ട്. എല്ലാ മേഖലകളും അവർ കവർ ചെയ്തിട്ടുണ്ട്. ലോകകപ്പ് അവർ സ്വന്തമാക്കുമെന്നാണ് ഞാൻ കരുതുന്നത്.”- പീറ്റേഴ്സൺ കൂട്ടിച്ചേർക്കുന്നു.
പാക്കിസ്ഥാനെതിരെ അവരുടെ നാട്ടിൽ നേടിയ വിജയം ഇംഗ്ലണ്ട് ടീമിനെ വളരെയധികം സഹായിക്കുമെന്ന് കെവിൻ പീറ്റേഴ്സൺ വിശ്വസിക്കുന്നു. ഒപ്പം ടീമിന്റെ ആദ്യ മത്സരത്തിലെ പ്രകടനത്തിലും പീറ്റേഴ്സൺ തന്റെ സംതൃപ്തി പങ്കുവയ്ക്കുകയുണ്ടായി. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു ഇംഗ്ലണ്ട് ടീം അഫ്ഗാനിസ്ഥാനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ കാഴ്ചവച്ചിരുന്നത്.