വളരെയധികം വൈവിധ്യങ്ങളുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. ആക്രമണോത്സുകതയും വൈവിധ്യം നിറഞ്ഞതുമായ ഒരുപാട് ബാറ്റർമാർ ഇന്ത്യയ്ക്കുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതിൽ ഏറ്റവും വിശ്വസ്തനും ഏറ്റവും മികച്ചതുമായ ബാറ്റർ സൂര്യകുമാർ യാദവ് തന്നെയാണ്. കഴിഞ്ഞ കുറച്ചുമത്സരങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച സൂര്യകുമാർ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ഘടകം തന്നെയാണെന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ പറയുന്നു.
ഹോങ്കോങ്ങിനേതിരായ മത്സരത്തിലെ സൂര്യയുടെ പ്രകടനത്തിന്റെ മികവിലാണ് നെഹ്റ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ” ഏതു ബാറ്റിംഗ് പൊസിഷനിൽ കളിച്ചാലും സൂര്യകുമാറിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിൽ നിർണായകം തന്നെയാണ്. ബാറ്റ് ചെയ്ത പൊസിഷനിലെല്ലാം മികച്ച പ്രകടനങ്ങൾ തന്നെയാണ് സൂര്യകുമാർ കാഴ്ചവച്ചിട്ടുള്ളത്. ഏതു സാഹചര്യത്തിലും അയാൾക്ക് ബാറ്റ് ചെയ്യാൻ സാധിക്കും. മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോൾ നമ്മൾ ഇത് കണ്ടിട്ടുള്ളതാണ്. “-നെഹ്റ പറയുന്നു
“ഒരുപക്ഷേ റിഷഭ് പന്തിനെയോ ഹർദിക് പാണ്ഡ്യയെയോപോലെ പവർ ഹീറ്റിങ്ങ്ങിനുള്ള കഴിവ് സൂര്യകുമാറിന് ഉണ്ടാവില്ല. പക്ഷേ ഫീൽഡർമാരെ കൃത്യമായി നിരീക്ഷിച്ചു കളിക്കാനും മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ടുകൾ കളിക്കാനും സൂര്യകുമാറിന് സാധിക്കും.”- നെഹ്റ പറയുന്നു. ഇതോടൊപ്പം സൂര്യകുമാർ യാദവ് ടീമിലുള്ളപ്പോൾ റിഷഭ് പന്തിനെ കൂടെ ടീമിൽ കളിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും നെഹ്റ പറഞ്ഞുവയ്ക്കുന്നു.
2022ൽ ട്വന്റി20കളിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളാണ് സൂര്യ കുമാർ യാദവ് കാഴ്ചവച്ചിട്ടുള്ളത്. ഇതുവരെ ഈ വർഷം 14 ഇന്നിംഗ്സുകളിൽ നിന്ന് 514 റൺസ് സൂര്യകുമാർ നേടിയിട്ടുണ്ട്. 42 റൺസാണ് സൂര്യകുമാറിന്റെ ബാറ്റിംഗ് ശരാശരി. 190 ആണ് ഈ വെടിക്കെട്ട് വീരന്റെ സ്ട്രൈക്ക് റേറ്റ്. ഇന്ത്യയ്ക്കായി ഈ വർഷം 500 റൺസിന് മുകളിൽ നേടിയിട്ടുള്ള ഏക കളിക്കാരനാണ് സൂര്യകുമാർ യാദവ്.