യുവതാരങ്ങളെ കൊണ്ട് ശോഭനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ. ഐപിഎല്ലിന്റെ കടന്നുവരവോടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെയും ആഭ്യന്തര കളിക്കാരുടെയും നിലവാരം ഉയർന്നിട്ടുണ്ട് എന്നതുറപ്പാണ്. ഇപ്പോൾ ഒരു യുവതാരത്തിന്റെ സെഞ്ചുറിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപാട് വാർത്തയായത്. ഇന്ത്യ എ ടീമിന്റെ ന്യൂസിലാൻഡ് എ ടീമുമായുള്ള ടെസ്റ്റ് മത്സരത്തിലാണ് യുവതാരം രജത് പട്ടിദാർ ഒരു തട്ടുപൊളിപ്പൻ സെഞ്ചുറി നേടിയത്. നേരത്തെ ഐപിഎല്ലിലെ എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂർ ടീമിനായും പട്ടിദാർ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ എ ടീമിനായി സെഞ്ച്വറി നേടിയതോടെ ആശംസാപ്രവാഹമാണ് പട്ടിദാറിന് ലഭിച്ചിരിക്കുന്നത്.
ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡ് എ ടീമിനെതിരെ 143 പന്തുകളിലായിരുന്നു പട്ടിദാർ സെഞ്ച്വറി നേടിയത്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 241 പന്തുകൾ നേരിട്ട പട്ടിദാർ 170 റൺസ് നേടി ക്രീസിലുണ്ട്. ഈ ഇന്നിങ്സിൽ 14 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെടുന്നു. നിർണായകമായ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന പട്ടിദാറിന്റെ ഈ രീതിയ്ക്ക് ഒരുപാട് അഭിനന്ദനപ്രവാഹം എത്തുന്നുണ്ട്.
ബാംഗ്ലൂരിനായി ഐപിഎൽ എലിമിനേറ്ററിൽ 54 പന്തിൽ 112 റൺസ് പട്ടിദാർ നേടിയിരുന്നു. ശേഷം ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ 58 റൺസും കൂട്ടിച്ചേർത്തു. ഇതുകൂടാതെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ 85 റൺസും, സെമിഫൈനലിൽ 86 റൺസും, രഞ്ജി ട്രോഫി ഫൈനലിൽ 152 റൺസും പട്ടിദാർ പേരിൽ ചേർത്തിരുന്നു. അതിനുശേഷമാണ് ഇന്ത്യൻ എ ടീമിനു വേണ്ടിയുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ പട്ടിദാർ സെഞ്ച്വറി നേടിയിരിക്കുന്നത്.
ഇന്ത്യൻ ടീമിലേക്കുള്ള യുവവാഗ്ദാനം തന്നെയാണ് പട്ടിദാർ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പട്ടിദാറിന്റെ ബാറ്റിംഗിലെ സാങ്കേതികത്വവും സമീപനങ്ങളുമൊക്കെ സംസാരവിഷയമായിട്ടുണ്ട്. ഈ വർഷത്തെ രഞ്ജിട്രോഫിയിൽ ഏറ്റവുമധികം റൺസ് നേടിയ രണ്ടാമത്തെ ബാറ്ററായിരുന്നു പട്ടിദാർ. എന്തായാലും മികച്ച പ്രകടനങ്ങളോടെ പട്ടിദാർ എത്രയും പെട്ടെന്ന് ഇന്ത്യൻ ദേശീയ ടീമിൽ എത്തട്ടെ എന്ന് പ്രതീക്ഷിക്കാം.