2022ലെ ഇന്ത്യയുടെ മികച്ച ബാറ്റർ അവനാണ്!! സൂര്യയും കോഹ്ലിയുമല്ല!!

   

ഇന്ത്യ ഒരുപാട് ഏകദിനങ്ങളും ടെസ്റ്റ് മത്സരങ്ങളും കളിച്ച വർഷമായിരുന്നില്ല 2022. ട്വന്റി20 ലോകകപ്പിന്റെ അടിസ്ഥാനത്തിൽ കൂടുതലായും ടീം ശ്രദ്ധിച്ചിരുന്നത് ട്വന്റി20 മത്സരങ്ങളിൽ തന്നെയായിരുന്നു. ഈ അവസരത്തിൽ 2022ലെ ഇന്ത്യയുടെ മികച്ച ബാറ്ററെ കണ്ടെത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 2022ലെ ഇന്ത്യയുടെ മികച്ച ഏകദിന കളിക്കാരനും എല്ലാ ഫോർമാറ്റിലെയും കളിക്കാരനുമായി ശ്രേയസ് അയ്യരെയാണ് ആകാശ് ചോപ്ര തെരഞ്ഞെടുത്തിരിക്കുന്നത്.

   

തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും 2022ൽ ശ്രേയസ് റൺസ് കണ്ടെത്തിയിട്ടുണ്ട് എന്ന് ആകാശ് ചോപ്ര പറയുന്നു. “2022ൽ ഇന്ത്യ ഒരുപാട് ഏകദിനങ്ങൾ കളിച്ചിരുന്നില്ല. എന്നിരുന്നാലും എല്ലാ ഫോർമാറ്റിലെയും മത്സരങ്ങളിൽ മികവുകാണിച്ച ഒരു ബാറ്റർ ഉണ്ട്. ശ്രേയസ് അയ്യർ. അയാൾ ലോകകപ്പിൽ കളിച്ചിരുന്നില്ല. പക്ഷേ എപ്പോഴൊക്കെ ഇന്ത്യ അയാൾക്ക് അവസരം നൽകിയോ അപ്പോഴൊക്കെ അയാൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചു.”-ആകാശ് ചോപ്ര പറയുന്നു.

   

“ശ്രേയസ് അയ്യർ തന്നെയാണ് 2022ലെ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും ബാറ്റർ. 2021ൽ അയാൾ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുകയും, ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടുകയും ചെയ്തു. ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപാട് അവസരങ്ങൾ ലഭിക്കാതെ വന്നു. അയാൾ ഇംഗ്ലണ്ടിൽ കളിക്കുകയും, പുൾ ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുതവണ പുറത്താവുകയും ചെയ്തു. എന്നാൽ ഒരുപാട് ചോദ്യങ്ങൾക്കിടെ അയാൾ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ റൺസ് കണ്ടെത്തി”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

2022ൽ 17 ഏകദിനങ്ങളിൽ നിന്ന് 724 റൺസായിരുന്നു ശ്രേയസ് അയ്യർ നേടിയത്. 55.69 ആണ് അയ്യരുടെ ബാറ്റിംഗ് ശരാശരി. എല്ലാ ഫോർമാറ്റിലുമായി 2022ൽ 169 റൺസ് ശ്രേയസ് അയ്യർ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *