ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നാളെ മെൽബണിൽ നടക്കാനിരിക്കെ ആവേശം അണപൊട്ടുകയാണ്. ലോകം കണ്ട ഏറ്റവും മികച്ച ബോളിഗ് നിരകളിൽ ഒന്നായ പാക്കിസ്ഥാൻ ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിരയ്ക്കെതിരെ മൈതാനത്തിറങ്ങുമ്പോൾ പ്രതീക്ഷകൾ ഒരുപാടാണ്. മത്സരത്തിൽ ഇന്ത്യ ഏതുതരം ബോളിംഗ് തന്ത്രമാണ് ഉപയോഗിക്കേണ്ടത് എന്നതിനെപ്പറ്റി സംസാരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡി ഇപ്പോൾ.
പാക്കിസ്ഥാനെതിരെ ഇന്ത്യ തങ്ങളുടെ മൂന്നാം ബോളറായി മുഹമ്മദ് ഷാമിയെ ഇറക്കണമെന്നാണ് ടോം മൂഡി പറയുന്നത്. “ഞാൻ മുഹമ്മദ് ഷാമിയെയാണ് ഇന്ത്യയുടെ മൂന്നാം ബോളറായി തിരഞ്ഞെടുക്കുന്നത്. അയാളുടെ അനുഭവസമ്പത്താണ് കാരണം. തീർച്ചയായും ഭുവനേശ്വർ കുമാറും അർഷദ്ദീപ് സിംഗും തന്നെയാണ് ഇന്ത്യയുടെ ആദ്യ രണ്ടു ബോളർമാർ. എന്നാൽ മൂന്നാം ബോളറായി ഷാമി തന്നെ ഇറങ്ങണം. കാരണം ഇതുപോലെയുള്ള വലിയ ടൂർണമെന്റുകളിൽ നമ്മൾ വലിയ കളിക്കാരെ പരിഗണിക്കേണ്ടതുണ്ട്. ഷാമി ഒരുപാട് പരിചയസമ്പന്നതയുള്ള വലിയ കളിക്കാരൻ തന്നെയാണ്. ഓസ്ട്രേലിയയിൽ അയാൾ നന്നായി തന്നെ ബോൾ ചെയ്തിട്ടുണ്ട്.”- മൂഡി പറയുന്നു.
ഒപ്പം ബോളർമാർ മെൽബൺ ഗ്രൗണ്ടിനെ കുറിച്ച് വ്യക്തത വരുത്തണമെന്ന് മൂഡി പറയുന്നു. “ബോളർമാർ കണക്കിലെടുക്കേണ്ട ഒരു പ്രധാന കാര്യം മെൽബൺ പിച്ചിന്റെ സ്ഥിതിയാണ്. ഗാബയിലെ പോലെ തന്നെ മെൽബണിലും ബോളർമാർക്ക് കൃത്യമായ ബൗൺസ് ലഭിക്കും. ഇതോടൊപ്പം മെൽബണിലെ വലിയ ബൗണ്ടറികളും മത്സരത്തിൽ പ്രധാന ഘടകമായി മാറും.”- മൂഡി കൂട്ടിച്ചേർക്കുന്നു.
എന്തായാലും മത്സരത്തിൽ മെൽബൺ പിച്ച് ഒരു പ്രധാന പങ്കുവഹിക്കുമെന്നത് ഉറപ്പാണ്. മത്സരത്തിൽ മഴ അതിഥിയായി എത്തിയില്ലെങ്കിലും സീമർന്മാർക്ക് കൃത്യമായി സ്വിങ് പലരും പ്രവചിക്കുകയുണ്ടായി. നാളെ ഉച്ചതിരിഞ്ഞ് 1.30നാണ് ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരം നടക്കുന്നത്.