അവൻ അനിൽ കുംബ്ലേയെ പോലെ ഒരു കളിക്കാരൻ !! ഭാവിയിൽ ഇന്ത്യയുടെ ടെസ്റ്റ്‌ നായകനാവും!!- മുൻ പാക് താരം

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഉഗ്രൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു രവിചന്ദ്രൻ അശ്വിൻ കാഴ്ചവച്ചത്. രണ്ടാം മത്സരത്തിലൂടനീളം നിറഞ്ഞാടിയ അശ്വിൻ നിർണായകമായ പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 145 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു സമയത്ത് 74ന് 7 എന്ന നിലയിൽ തകർന്നിരുന്നു. അവിടെനിന്ന് പക്വതയുള്ള പ്രകടനത്തോടെ അശ്വിൻ ഇന്ത്യയെ കൈപിടിച്ചു കയറ്റി. ഭാവിയിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാവാൻ സാധിക്കുന്ന ബാറ്ററാണ് അശ്വിൻ എന്നാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ഡാനിഷ് കനേറിയ പറയുന്നത്.

   

“ഇന്ത്യയുടെ ടെസ്റ്റ് നായകനാവാൻ പ്രാപ്തിയുള്ള ക്രിക്കറ്ററാണ് രവിചന്ദ്രൻ അശ്വിൻ.അയാൾക്ക് ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. അയാൾ തന്റെ ബോളിങ്ങിലും ബാറ്റിങ്ങിലും വളരെ പക്വതയോടെയും ബുദ്ധിയോടെയുമാണ് കളിക്കുന്നത്. മൈതാനത്തുള്ള സമയത്ത് മത്സരത്തിന്റെ ഗതിയെക്കുറിച്ച് അശ്വിൻ കൃത്യമായി ചിന്തിക്കുന്നതായി പലപ്പോഴും തോന്നാറുണ്ട്.”- കനേറിയ പറയുന്നു.

   

ഇതോടൊപ്പം രണ്ടാം ടെസ്റ്റിലെ അശ്വിന്റെ മാസ്മരിക പ്രകടനത്തെപ്പറ്റിയും കനേറിയ സംസാരിക്കുകയുണ്ടായി. “രണ്ടാം ടെസ്റ്റിൽ ഇന്ത്യ വലിയൊരു സമ്മർദ്ദത്തിൽ തന്നെയായിരുന്നു. എന്നാൽ ആ സാഹചര്യത്തിൽ വളരെ ശാന്തനായി മികച്ച ഒരു ഇന്നിംഗ്സ് കാഴ്ചവയ്ക്കാനും ടീമിനെ വിജയിപ്പിക്കാനും അശ്വിന് സാധിച്ചു. സമീപകാലത്ത് മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ അശ്വിൻ പലതവണ ഇന്ത്യയെ രക്ഷിച്ചിട്ടുണ്ട്.”- കനേറിയ പറയുന്നു.

   

“മുൻപ് അനിൽ കുംബ്ലെ ഇല്ലാതെ കളിക്കുമ്പോൾ ഇന്ത്യൻ ടീം ദുർബലമായി തോന്നിയിട്ടുണ്ട്. അതേ രീതിയിൽ തന്നെയാണ് അശ്വിൻ ടീമിൽ ഇല്ലാത്തപ്പോഴും തോന്നാറുള്ളത്. അവൻ നേടിയ ആ 42 റൺസിന് ഒരു സെഞ്ചുറിയുടെ വിലയുണ്ട്.”- കനേറിയ പറഞ്ഞുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *