ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് കടക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് വളരെയേറെ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ് സൂര്യകുമാർ യാദവിന്റെ ഫോം. ഇന്ത്യയുടെ സൂപ്പർ പന്ത്രണ്ടിലെ മത്സരങ്ങളിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തുടർന്ന സൂര്യകുമാർ സെമി ഫൈനലിലും ഇന്ത്യയുടെ കാവലാളാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തങ്ങൾ സൂര്യകുമാർ യാദവിനെ വളരെ സൂക്ഷ്മതയോടെ തന്നെ നേരിടും എന്ന സൂചനയാണ് ഇപ്പോൾ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്സ് നൽകിയിരിക്കുന്നത്.
സൂര്യകുമാർ ഒരു മികച്ച കളിക്കാരനാണെന്നും സെമിഫൈനലിൽ സൂര്യയെ പിടിച്ചുകെട്ടാൻ തങ്ങൾക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ബെൻ സ്റ്റോക്സ് പറയുന്നു. “സൂര്യകുമാർ ലോകക്രിക്കറ്റിനു തന്നെ കുറച്ചു പുത്തനുണർവുകൾ നൽകിയ കളിക്കാരനാണ്. അയാൾ ഒരു മികവാർന്ന കളിക്കാരനാണ്. ബോളർമാരെ വളരെ വേഗത്തിൽ സമ്മർദ്ദത്തിലാക്കുന്ന ഷോട്ടുകൾ കളിക്കാൻ സൂര്യയ്ക്ക് സാധിക്കും. മാത്രമല്ല അയാളിപ്പോഴും മികച്ച ഫോമിലാണുള്ളത്. എന്നാൽ വ്യാഴാഴ്ച സൂര്യകുമാറിനെ പിടിച്ചുകെട്ടാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.”-സ്റ്റോക്ക്സ് പറഞ്ഞു.
ഇതോടൊപ്പം സെമിഫൈനലിൽ ഇന്ത്യയെ നേരിടുമ്പോഴുള്ള മനോഭാവത്തെപ്പറ്റിയും ബെൻ സ്റ്റോക്സ് പറയുകയുണ്ടായി. “ലോകകപ്പിന്റെ സെമിഫൈനലിൽ നമ്മൾ ആരെ നേരിടുന്നുവോ, അവർ മികച്ച ടീമുകൾ തന്നെയാണ്. കാരണം സൂപ്പർ 12 ഗ്രൂപ്പുകൾ വളരെയേറെ കഠിനമായിരുന്നു. അതിൽ ആദ്യ രണ്ടു സ്ഥാനത്തെത്തുക എന്നത് വളരെയേറെ പ്രയാസകരവും.”- സ്റ്റോക്സ് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യ തങ്ങളുടെ സൂപ്പർ പന്ത്രണ്ട് മത്സരങ്ങളിൽ പാക്കിസ്ഥാൻ, നെതർലൻഡ്സ്, ബംഗ്ലാദേശ്, സിംബാബ്വെ എന്നീ ടീമുകളെയായിരുന്നു പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് റൗണ്ടിൽ അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ്, ശ്രീലങ്ക എന്ന ടീമുകളെ പരാജയപ്പെടുത്തി. എന്തായാലും രണ്ടാം സെമി ഫൈനലിൽ കരുത്തന്മാർ ഏറ്റുമുട്ടുമ്പോൾ മത്സരം കടുക്കുമെന്നത് ഉറപ്പാണ്.