ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ക്യാമ്പയിൻ ഒക്ടോബർ 23ന് ആരംഭിക്കുകയാണ്. പാകിസ്ഥാനോടാണ് ആദ്യമത്സരത്തിൽ ഇന്ത്യ ഏറ്റുമുട്ടുക. അതിനാൽതന്നെ വലിയ ആശങ്കകളോക്കെയും ഇല്ലായ്മ ചെയ്യേണ്ടത് ടീമിന്റെ ആവശ്യമാണ്. നിലവിലെ ടീമിന്റെ ഘടനയും ലോകകപ്പിലെ പ്രതീക്ഷകളെയുംപറ്റി ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി. ഇന്ത്യൻ നിരയിലെ നാലാം നമ്പർ ബാറ്റർ സൂര്യകുമാർ യാദവ് ലോകകപ്പിൽ ഇന്ത്യയുടെ X ഫാക്ടർ ആകുമെന്നാണ് രോഹിത് ശർമ കരുതുന്നത്.
സൂര്യകുമാർ യാദവിന്റെ നിലവിലെ മിന്നും ഫോമിനെപറ്റിയാണ് രോഹിത് ശർമ്മ വാചകനാകുന്നത്. “സൂര്യ മികച്ച ഫോമിലാണുള്ളത്. അയാൾ ആ രീതിയിൽ തന്നെ ബാറ്റിംഗ് തുടരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ ആത്മവിശ്വാസത്തിൽ സൂര്യകുമാർ മേൽത്തട്ടിൽ തന്നെയാണ്. മാത്രമല്ല സൂര്യ ഭയരഹിതനായ ഒരു കളിക്കാരനാണ്. അയാളുടെ കഴിവുകൾ ക്രിയാത്മകമായി ഉപയോഗിക്കാൻ അയാൾക്ക് സാധിക്കും. ലോകകപ്പിൽ സൂര്യ ഇന്ത്യയുടെ X ഫാക്ടർ ആകുമെന്നാണ് ഞാൻ കരുതുന്നത്.”- രോഹിത് ശർമ പറയുന്നു.
ഇതോടൊപ്പം ഇന്ത്യൻ താരങ്ങൾക്ക് നേരിട്ട പരിക്കുകളെപറ്റിയും രോഹിത് വാചാലനാവുകയുണ്ടായി. “പരിക്കുകളുടെ കാര്യത്തിൽ നമുക്കൊന്നുംതന്നെ ചെയ്യാൻ സാധിക്കില്ല. ഞങ്ങൾ ബൂമ്രയെ ലോകകപ്പിൽ പങ്കെടുപ്പിക്കാൻ ആവുന്നതും ശ്രമിച്ചതാണ്. പക്ഷേ ഇപ്പോൾ അയാളുടെ കരിയറാണ് പ്രാധാന്യമേറിയത്. അയാൾക്ക് 28 വയസ്സ് ആയിട്ടുള്ളൂ. ബുമ്രയുടെ കാര്യത്തിൽ നമുക്ക് റിസ്ക് എടുക്കാനാവില്ല. ഇനിയും അയാളുടെ കരിയറിൽ ഒരുപാട് സമയം ബാക്കിയുണ്ട്.”- രോഹിത് കൂട്ടിച്ചേർക്കുന്നു.
പരിക്കുകൾ മത്സരത്തിന്റെ ഭാഗമാണെന്നും, കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ പരിക്കുകൾ സംഭവിക്കാനുള്ള സാധ്യതകളേറുമെന്നും രോഹിത് ശർമ പറഞ്ഞു. ഇതോടൊപ്പം പല കളിക്കാരെയും ഷഫിൾ ചെയ്തത് ലോകകപ്പിൽ ഇന്ത്യയ്ക്ക് ഗുണകരമാകും എന്നാണ് രോഹിത് സൂചിപ്പിച്ചത്. ഇത് യുവ കളിക്കാർക്ക് കൂടുതൽ അവസരവും നൽകുന്നുണ്ട്.