കഴിഞ്ഞ കുറച്ചധികം നാളുകളിലായി ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രതിസന്ധി ഓരോ ബോളർമാരെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രകടനമായിരുന്നു. ഇതിനാൽ ബുമ്രയ്ക്ക് പരിക്കേറ്റത്തോടെ ബോളിംഗിൽ ഇന്ത്യയ്ക്ക് ഒരുപാട് അവ്യക്തതകൾ ഉണ്ടായി. ശേഷം കുറച്ചധികം ബോളർമാർ ഇന്ത്യയുടെ ടീമിലേക്കെത്തി. അതിൽ പ്രധാനിയായിരുന്നു അർഷദീപ് സിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷമായിരുന്നു അർഷദ്ദീപ് ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തിയത്. ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച അർഷദീപ് പാകിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിലും ഇത് ആവർത്തിക്കുകയുണ്ടായി. അർഷദീപ്, ഇന്ത്യയുടെ മുൻ ഫാസ്റ്റ് ബോളർ സഹീർഖാനെ പോലെ കഴിവുള്ള ഒരു ക്രിക്കറ്റർ ആണെന്നാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ ഇപ്പോൾ പറയുന്നത്.
“അർഷദീപ് പലപ്പോഴും വളരെയധികം പക്വത കാട്ടുന്നുണ്ട്. അത് അയാൾ തുടരും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സഹീർ ഇന്ത്യയ്ക്കായി കാഴ്ചവച്ചിരുന്നത് പോലെ മികച്ച പ്രകടനങ്ങൾ നടത്താൻ അർഷദീപിനും സാധിക്കും. ഇന്ത്യക്കായി അത്ഭുതകരമായ പ്രകടനങ്ങൾ അർഷദീപ് നടത്തുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- അനിൽ കുംബ്ലെ പറഞ്ഞു.
“അർഷദ്ദീപിന്റെ കാര്യത്തിൽ ഞാൻ ആകർഷണീയനാണ്. കഴിഞ്ഞ മൂന്നുവർഷം ഞാൻ അർഷദീപിനൊപ്പം ഉണ്ടായിരുന്നു. ട്വന്റി20 ഫോർമാറ്റിലും അയാൾക്ക് ഉണ്ടായ മാറ്റങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ അയാളുടെ വളർച്ചയ്ക്ക് ഒരു ഉദാഹരണമാണ്. അതിൽ എങ്ങനെയാണ് അയാൾ സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്തത് എന്നത് പലർക്കും മാതൃക തന്നെയാണ്.”- അനിൽ കുംബ്ലെ കൂട്ടിച്ചേർക്കുന്നു.
പലപ്പോഴും ടീമിനായി അർഷദീപ് പ്രയാസകരമായ ഓവറുകളാണ് എറിയാറുള്ളതെന്നും ഇത്തരം സാഹചര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാറുണ്ടെന്നും അനിൽ കുംബ്ലെ പറയുന്നു. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ വമ്പൻ പ്രകടനം അർഷദീപിന് തന്റെ കരിയറിൽ കൂടുതൽ ആത്മവിശ്വാസം നൽകുമെന്നാണ് കുംബ്ലെ കരുതുന്നത്.