തന്റെ മോശം ഫോം മൂലം കുറച്ചധികം വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ക്രിക്കറ്ററായിരുന്നു കെ എൽ രാഹുൽ. വലിയൊരു പരിക്കിൽ നിന്ന് തിരികെയെത്തിയ രാഹുലിന് ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് ബംഗ്ലാദേശിനെതിരെയും സിംബാബ്വെയ്ക്കെതിരെയും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച രാഹുൽ തന്നെ ഫോലേക്ക് തിരികെയെത്തി. രാഹുലിനെ പോലെ ഒരു മാച്ച് വിന്നർ കൃത്യമായ സമയത്ത് തന്റെ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പറയുന്നത്.
“രാഹുലിന്റെ ബാറ്റിംഗ് കഴിവുകളെ പറ്റി ബോധ്യമുള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അയാൾ ഒരു മാച്ച് വിന്നറാണെന്ന്.അയാൾ മികച്ച പ്രകടനങ്ങൾ നടത്തുന്നത് ഇന്ത്യയുടെ വിജയത്തിന് ഒരു പ്രധാന ഘടകവുമാണ്. ഇന്ത്യയെ മത്സരങ്ങളിൽ ഒറ്റയ്ക്ക് നിന്ന് വിജയിപ്പിക്കാൻ രാഹുലിന് സാധിക്കും. എന്തായാലും കൃത്യസമയത്താണ് കെഎൽ രാഹുൽ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.”- റോബിൻ ഉത്തപ്പ പറയുന്നു.
ഇതോടൊപ്പം സെമിഫൈനലിൽ ഇന്ത്യ വിജയിക്കണമെങ്കിൽ രാഹുലിന്റെ ഭാഗത്തുനിന്ന് വലിയൊരു പ്രകടനം ആവശ്യമാണെന്നും റോബിൻ ഉത്തപ്പ പറയുകയുണ്ടായി. “ഇത് ലോകകപ്പിന്റെ അവസാന ഭാഗമാണ്. ആ സമയത്ത് രാഹുലിനെ പോലെ ഒരു മാച്ച് വിന്നർ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദകരമായ ഒരു കാര്യമാണ്. സെമിഫൈനലിൽ രാഹുലിന്റെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് ആവശ്യവുമാണ്.”- റോബിൻ ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ സൂപ്പർ 12ലെ അവസാന 2 മത്സരങ്ങളിലായിരുന്നു കെഎൽ രാഹുൽ മികച്ച പ്രകടനങ്ങൾ നടത്തിയത്. ബംഗ്ലാദേശിനെതിരെ 32 പന്തുകളിൽ 50 റൺസ് നേടിയ രാഹുൽ, സിംബാബ്വെക്കെതിരെ 35 പന്തുകളിൽ 51 റൺസും നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടം നടക്കുന്നത്.