തല്ലുകൊള്ളാൻ ഹർഷലിന്റെ കരിയർ ഇനിയും ബാക്കി!! സന്നാഹമത്സരത്തിലും ആകാശം കണ്ടു!

   

ഐപിഎല്ലിൽ മികച്ച ബോളിംഗ് പ്രകടനങ്ങൾ നടത്തി ഇന്ത്യയുടെ ട്വന്റി20 ടീമിലെത്തിയ ക്രിക്കറ്ററായിരുന്നു ഹർഷൽ പട്ടേൽ. തന്റെ വേരിയേഷനുകൾ കൊണ്ടും വേറിട്ട സ്ലോ ബോളുകൾ കൊണ്ടുമായിരുന്നു ഹർഷൽ ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ ഇന്ത്യൻ ടീമിൽ എത്തിയതുമുതൽ എല്ലാ ബാറ്റർമാരുടെ കയ്യിൽ നിന്നും സ്ഥിരം തല്ലുവാങ്ങുന്ന ഹർഷൽ പട്ടേലിനെയാണ് കാണാനാവുന്നത്. ഇത് ഓസ്ട്രേലിയയിലും ആവർത്തിക്കുന്നതിന്റെ സൂചനകളാണ് ഇന്ത്യയുടെ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ സന്നഹ മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. സന്നാഹ മത്സരത്തിൽ നിശ്ചിത 4 ഓവറുകളിൽ 49 റൺസാണ് ഹർഷൽ പട്ടേൽ വഴങ്ങിയത്.

   

പരിക്കേനു ശേഷം ടീമിൽ തിരിച്ചെത്തിയ ഹർഷൽ പട്ടേൽ ഇതുവരെ ഇന്ത്യക്കായി 16 ഓവറുകൾ എറിഞ്ഞിട്ടുണ്ട്. ഇതിൽനിന്ന് 170 റൺസാണ് ഹർഷൽ വഴങ്ങിയിരിക്കുന്നത്. 10.72 ആണ് ഹർഷലിന്റെ എക്കണോമി. ഈ മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളത് വെറും മൂന്ന് വിക്കറ്റുകളും. ഇന്ത്യയെ സംബന്ധിച്ച് ഹർഷലിന്റെ ഈ മോശം പ്രകടനം ലോകകപ്പ് സാധ്യതകളെ പോലും ബാധിക്കുന്നുണ്ട്. മുൻപ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ 49ഉം 45ഉം റൺസ് ഹർഷൽ വഴങ്ങിയിരുന്നു.

   

സന്നഹമത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഓപ്പണർമാരായ രോഹിത്തിനും(3) പന്തിനും(9) മത്സരത്തിൽ വേണ്ടവിധത്തിൽ പ്രകടനം നടത്താൻ സാധിച്ചില്ല. കഴിഞ്ഞ മത്സരങ്ങളിലെ പോലെ സൂര്യകുമാർ യാദവാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായത്. 35 പന്തുളിൽ മൂന്ന് ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 52 റൺസ് സൂര്യകുമാർ യാദവ് നേടി.

   

159 എന്ന വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റേൻ ഓസ്ട്രേലിയയെ ഇന്ത്യയുടെ മുൻനിര സീം ബോളർമാർ പിടിച്ചുകെട്ടി. 53 പന്തുകളിൽ 59 റൺസ് നേടിയ ഫാനിങ് മാത്രമാണ് ഇന്നിങ്സിൽ പിടിച്ചുനിന്നത്. ഇന്ത്യക്കായി അർഷദീപ് സിംഗ് മൂന്ന് വിക്കറ്റ്കൾ വീഴ്ത്തി. 13 റൺസിനായിരുന്നു ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *