ഇന്ത്യയുടെ യുവപേസർ ഹർഷൽ പട്ടേലിന്, വരാനിരിക്കുന്ന ഏഷ്യാകപ്പ് നഷ്ടമാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒപ്പം വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും ഹർഷൽ പട്ടേൽ കളിക്കുമോ എന്ന സംശയം നിലനിൽക്കുന്നു. Cricbuzz റിപ്പോർട്ടനുസരിച്ച് ഹർഷൽ പട്ടേലിന് പേശിവലിവ് ഉണ്ടായിട്ടുണ്ട്. ആയതിനാൽ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ നിരയിൽ നിന്ന് പുറത്തിരിക്കേണ്ടിവരും. ഈ മാസം എട്ടാം തീയതിയാണ് ഇന്ത്യ ഏഷ്യാകപ്പിനുള്ള സ്ക്വാഡിന്റെ വിവരങ്ങൾ പുറത്തുവിടുന്നത്.
വിൻഡീസിനെതിരായ അഞ്ചു ട്വന്റി20കൾ അടങ്ങുന്ന പരമ്പരയിൽ ഹർഷൽ സ്ക്വാഡിലുണ്ട്. എന്നാൽ ഇതുവരെ ഒരു മത്സരം പോലും കളിക്കാൻ ഹർഷലിന് സാധിച്ചിട്ടില്ല. പേശിവലിവിന് നാല് മുതൽ ആറ് ആഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നതിനാൽതന്നെ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പും ഹർഷലിന് നഷ്ടമാകാൻ സാധ്യതകളുണ്ട്.
എത്ര വേഗത്തിൽ പരിക്ക് ഭേദമാകും എന്നതിനെ സംബന്ധിച്ചിരിക്കും ഹർഷലിന്റെ ലോകകപ്പ് സാധ്യതകൾ. എന്തായാലും നിലവിൽ അമേരിക്കയിലുള്ള ഹർഷൽ പട്ടേലിനോട് തിരികെ വന്ന ശേഷം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർഷൽ പട്ടേലിന്റെ പരിക്ക് ഇന്ത്യയുടെ തന്നെ സീമറായ ദീപക് ചാഹറിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തെളിക്കാൻ സാധ്യതയുണ്ട്.
ഫെബ്രുവരിക്ക് ശേഷം ഇന്ത്യൻ ടീമിൽ കളിക്കാൻ ചാഹറിനും സാധിച്ചിരുന്നില്ല. ഇന്ത്യയുടെ പല മുൻനിര താരങ്ങളുടെയും തിരിച്ചുവരവിനാണ് വരാനിരിക്കുന്ന ഏഷ്യാകപ്പ് സാക്ഷിയാകുന്നത്. ഇതിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും ഉൾപ്പെടുന്നു. എല്ലാവരും ഏഷ്യാകപ്പിൽ ഫോം കണ്ടെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.