കോമൺവെൽത്ത് ഗെയിംസിൽ പാക്കിസ്ഥാൻ വനിതാ ടീമിനെ ചുരുട്ടി മടക്കിയതോടെ ഒരുപാട് പ്രശംസകളാണ് ഇന്ത്യൻ വനിതാ ടീമിന് വന്നുചേരുന്നത്…. എന്നാൽ ഈ വിജയത്തോടെ ഒരു പൊൻതൂവൽ ലഭിച്ചിരിക്കുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീറ്റ് കോറിനാണ്. ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ എംഎസ് ധോണിയെ പിന്തള്ളി ട്വന്റി20 ഫോർമാറ്റിൽ ഏറ്റവുമധികം വിജയങ്ങൾ കൈവരിച്ച ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡാണ് ഹര്‍മന്‍പ്രീറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
പാക്കിസ്ഥാനെതിരായ വിജയത്തോടെ കുട്ടി ക്രിക്കറ്റിൽ 42 വിജയങ്ങൾ ഹർമന്‍പ്രീറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം സ്വന്തമാക്കിയിട്ടുണ്ട്.. ഇന്ത്യൻ ക്യാപ്റ്റനായി 41 വിജയങ്ങളായിരുന്നു എംഎസ് ധോണിയുടെ സമ്പാദ്യം… ഇന്ത്യൻ ക്യാപ്റ്റനായി 30 തവണ ടീമിനെ വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്ലിയാണ് മൂന്നാം സ്ഥാനത്തുള്ളത്.
ഇതോടൊപ്പംതന്നെ വനിതാ ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ചവരുടെ പട്ടികയിൽ മൂന്നാമതാണ് ഹർമൻപ്രീറ്റ്.. 68 വിജയങ്ങളുമായി ഇംഗ്ലണ്ടിന്റെ എഡ്വാർഡ്സും 64 വിജയങ്ങളുമായി ഓസ്ട്രേലിയയുടെ ലാന്നിംഗുമാണ് ഹർമൻപ്രീറ്റിന് മുൻപിലുള്ളത്.
പാക്കിസ്ഥാനെതിരെ വലിയ വിജയം തന്നെയായിരുന്നു ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.. ഇന്ത്യൻ ബോളർമാരായ സ്നേഹ് റാണയും രാധാ യാദവും മികച്ച പ്രകടനം പുറത്തെടുത്തതോടെ 99 റൺസിന് പാകിസ്ഥാൻ ഒാള്‍ഔട്ട് ആവുകയായിരുന്നു… മറുപടി ബാറ്റിംഗിൽ സ്മൃതി മന്ദന അടിച്ചുതകർത്തോടെ ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.