പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മാസ്മരിക വിജയത്തിൽ വലിയ പങ്കുവഹിച്ച ക്രിക്കറ്ററാണ് ഹർദിക് പാണ്ഡ്യ. മത്സരത്തിൽ പാകിസ്താന്റെ നിർണായകമായ മൂന്ന് വിക്കറ്റുകൾ നേടിയ പാണ്ട്യ, ബാറ്റിംഗിൽ വിരാട് കോഹ്ലിക്ക് മികച്ച പിന്തുണ തന്നെയായിരുന്നു നൽകിയത്. എന്നാൽ ഇതിനിടെ പാണ്ട്യയെ ചെറിയ രീതിയിലുള്ള പരിക്ക് പിടികൂടുന്നത് കണ്ടിരുന്നു. അതിനാൽതന്നെ ഇന്ത്യയുടെ നെതർലൻസിനെതിരായ രണ്ടാമത്തെ മത്സരത്തിൽ ഹർദിക്ക് പാണ്ട്യക്ക് ഇന്ത്യ വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ പകരമായി ആരെയാണ് ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തേണ്ടത് എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്.
ഹർദിക്ക് പൂർണ്ണമായും ഫിറ്റല്ലെങ്കിൽ അയാൾക്ക് അടുത്ത മത്സരത്തിൽ നിന്ന് വിശ്രമം നൽകണമെന്ന് തന്നെയാണ് ഗവാസ്കറുടെ അഭിപ്രായം. “ഹർദിക്കിന് ചെറിയ രീതിയിലുള്ള പരിക്കുണ്ടെങ്കിൽ അയാൾക്ക് വിശ്രമം നൽകണം. കാരണം ഞായറാഴ്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെയാണ് നേരിടേണ്ടത്. അതൊരു വലിയ മത്സരം തന്നെയാണ്. നാളത്തെ മത്സരത്തിൽ അയാൾക്ക് വിശ്രമം നൽകി ഞായറാഴ്ച കളിപ്പിക്കുന്നതാവും ഉത്തമം.”-ഗവാസ്കർ പറഞ്ഞു.
“എന്നിരുന്നാലും ട്വന്റി20 ഫോർമാറ്റിൽ ഒരു ടീമുകളും കുഞ്ഞന്മാരല്ല. എന്തായാലും നെതർലൻസിനെതിരായ മത്സരത്തിൽ ഷാമിയെ കളിപ്പിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. കാരണം അയാൾ വളരെ കുറച്ച് ക്രിക്കറ്റ് മാത്രമാണ് കഴിഞ്ഞ സമയങ്ങളിൽ കളിച്ചിട്ടുള്ളത്. ഒപ്പം ഹർദിക് പാണ്ട്യക്ക് വിശ്രമം അനുവദിക്കുകയാണെങ്കിൽ ദിനേശ് കാർത്തിക്ക് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യേണ്ടിവരും. അതിനാൽ ദീപക് ഹൂഡയെ ഹാർദിക്കിന് പകരക്കാരനായി ഉൾപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. അഞ്ചാം നമ്പരിൽ മികച്ച പ്രകടനമാണ് ഹൂഡ നടത്തിയിട്ടുള്ളത്. ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.
നാളെ സിഡ്നിയിലാണ് ഇന്ത്യയുടെ നെതർലൻഡ്സിനെതിരായ മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 12 30നാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തിൽ വലിയ ഒരു വിജയത്തോടെ സെമിഫൈനൽ സാധ്യതകൾ വർദ്ധിപ്പിക്കാണാവും ഇന്ത്യ ശ്രമിക്കുന്നത്.