ആദ്യ ട്വന്റി20യിലെ പരാജയത്തിനുശേഷം ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്തിയായിരുന്നു ഇന്ത്യൻ ടീം രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങിയത്. ഉമേഷ് യാദവിന് പകരം ജസ്പ്രിറ്റ് ബുമ്രയെയും ഭുവനേശ്വർ കുമാറിനുപകരം റിഷാഭ് പന്തിനെയുമാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. അതിനാൽ തന്നെ രണ്ട് സ്പെഷ്യലിസ്റ്റ് സീമർമാരും, രണ്ടു സ്പിന്നർമാരും, ഓൾറൗണ്ടർ ഹാർദിക് പാണ്ട്യയുമായിരുന്നു ബോളിംഗ് ചെയ്യാൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നത്. ഇങ്ങനെ നാല് ബോളർമാരെ മാത്രം ഉൾപ്പെടുത്തിയുള്ള ടീം കോമ്പിനേഷൻ ഇറക്കാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്ക്.
ഹർദിക് പാണ്ഡ്യയുടെ സാമീപ്യമാണ് ഇത്തരമൊരു ടീം കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ കാരണമായത് എന്നാണ് ദിനേശ് കാർത്തിക് പറയുന്നത്. “ഞങ്ങൾക്ക് നാല് ബോളർമാരുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. കാരണം മത്സരത്തിൽ എല്ലാ ബോളർമാർക്കും 2 ഓവർ വീതം ബോൾ ചെയ്യാൻ സാധിക്കുമായിരുന്നു. എന്നിരുന്നാലും നമുക്ക് അഞ്ച് ബോളിംഗ് ഓപ്ഷനുകൾ ഉണ്ടായിരുന്നു.ഹർദിക് പാണ്ഡ്യയെ പോലൊരു ഓൾറൗണ്ടർ ഉള്ളതുകൊണ്ടാണ് ഇത്തരം ഒരു കോമ്പിനേഷൻ സാധ്യമാകുന്നത്.”- കാർത്തിക്ക് പറയുന്നു.
“ഹർദിക് പാണ്ഡ്യ ടീമിൽ ഉള്ളപ്പോൾ ടീമിന് വളരെയധികം ബാലൻസ് ലഭിക്കുന്നുണ്ട്. നമുക്ക് ഒരു എക്സ്ട്രാ ബാറ്ററെയോ ബോളറെയോ കളിപ്പിക്കാനാവും. അതാണ് പാണ്ട്യയെ പ്രത്യേകതയുള്ള കളിക്കാരനാക്കി മാറ്റുന്നത്. ലോകക്രിക്കറ്റിൽ തന്നെ ഇത്തരം കഴിവുള്ള കുറച്ചു ക്രിക്കറ്റർ മാത്രമേയുള്ളൂ. അദ്ദേഹം നന്നായി കളിക്കുമ്പോളോക്കെ ഇന്ത്യൻ ടീമിന് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്.”- കാർത്തിക് കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ഇന്നിങ്സ് ഫിനിഷ് ചെയ്യാനും, ഫിനിഷറുടെ റോൾ കളിക്കാനുമായി താൻ ഒരുപാട് നാളുകളായി പരിശീലനം നടത്തുന്നതായും കാർത്തിക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി സഹായിച്ച കോച്ച് വിക്രം റാത്തോറിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും കാർത്തിക്ക് ഓർക്കുന്നു. മത്സരത്തിൽ അവസാന ഓവറിൽ 9 റൺസ് വേണ്ടസമയത്തായിരുന്നു കാർത്തിക്ക് ക്രീസിലെത്തിയത്. നേരിട്ട ആദ്യ രണ്ടു പന്തുകളിൽ തന്നെ ബൗണ്ടറി നേടി കാർത്തിക്ക് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു.