ഇന്ത്യയുടെ സിംബാബ്വെക്കെതിരായ പരമ്പരയിലെ ഏറ്റവും വലിയ പോസിറ്റീവായിരുന്നു ബാറ്റർ ശുഭമാൻ ഗിൽ. വിൻഡീസിനെതിരായ ഫോം അതേപോലെതന്നെ തുടർന്ന് ഗിൽ സിംബാബ്വെക്കെതിരായ മൂന്നാം ഏകദിനത്തിൽ ഒരു തകർപ്പൻ സെഞ്ചുറി നേടുകയുണ്ടായി. ഇപ്പോൾ ഇന്ത്യയുടെ മുൻ താരം യുവരാജ് സിങ്ങുമായി മത്സരത്തിന് മുമ്പ് നടന്ന സംസാരത്തെകുറിച്ചാണ് ഗിൽ പറയുന്നത്. തനിക്ക് സെഞ്ചുറിയില്ലെന്ന് യുവരാജ് സിങ്ങിനോട് പറഞ്ഞപ്പോൾ അത് ഉടൻ തന്നെ സംഭവിക്കും എന്ന് യുവരാജ് പറഞ്ഞതായി ഗിൽ ഓർമിക്കുന്നു.
“ഞാൻ സിംബാബ്വെയിലേക്ക് വരുന്നതിനു തൊട്ടുമുൻപാണ് യുവരാജിനെ കണ്ടത്. ഞാൻ നന്നായി കളിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒപ്പം ക്രീസിലെത്തിയ ശേഷം അവിടെ കൂടുതൽ സമയം കണ്ടെത്താൻ യുവി ആവശ്യപ്പെട്ടിരുന്നു. എനിക്ക് സെഞ്ച്വറി നേടാൻ സാധിക്കുന്നില്ല എന്നായിരുന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ, വിഷമിക്കേണ്ട അത് ഉടനെ സാധിക്കും എന്ന് യുവി പറഞ്ഞു” – ശുഭ്മാൻ ഗിൽ പറയുന്നു.
കൂടാതെ ശുഭമാൻ ഗിൽ സെഞ്ച്വറി നേടിയ ശേഷം യുവരാജ് സിംഗ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ച വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. “അവസാനം അതിനു സാധിച്ചു. ഗിൽ നന്നായി കളിച്ചു. നിങ്ങൾക്ക് അർഹതപ്പെട്ടതാണ് ഈ സെഞ്ച്വറി. താങ്കളുടെ ആദ്യ സെഞ്ച്വറിക്ക് അഭിനന്ദനങ്ങൾ. ഇത് വെറുമൊരു തുടക്കം മാത്രമാണ്. ഒരുപാട് സെഞ്വറികൾ വരാനിരിക്കുന്നു.”- യുവരാജിന്റെ ഈ വാക്കുകൾ സാമൂഹ്യമാധ്യമങ്ങൾ കീഴടക്കിയിരുന്നു.
ഗില്ലിന്റെ കന്നിസെഞ്ച്വറിയായിരുന്നു സിംബാബ്വെക്കെതിരായ മത്സരത്തിൽ പിറന്നത്. നേരത്തെ വിൻഡിസിതിനെതിരായ മത്സരത്തിൽ ഗിൽ 98 റൺസ് നേടിയിരുന്നെങ്കിലും മഴ കളി തടസ്സപ്പെടുത്തിയതിനാൽ സെഞ്ച്വറി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ സിംബാബ്വെയ്‌ക്കെതിരെ 97 പന്തുകളിൽ 130 റൺസ് നേടിയ ഗിൽ ആ കടംവീട്ടി.