ഇന്ത്യയുടെ കഴിഞ്ഞ 2 ഏകദിനപരമ്പരകളിലും തട്ടുപൊളിപ്പൻ പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു ശുഭമാൻ ഗിൽ മടങ്ങിയത്. വിൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 102 റൺസ് ശരാശരിയിൽ 205 റൺസ് ഗിൽ നേടി. സിംബാബ്വെക്കെതിരായ പരമ്പരയിൽ 122 റൺസ് ശരാശരിയിൽ 245 റൺസും. എന്നാൽ ഇത്രയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു കൊണ്ട് നിൽക്കുമ്പോഴും ഇനിയാണ് ഗില്ലിന്റെ കരിയറിൽ പ്രശ്നങ്ങളുദിക്കാൻ പോകുന്നത് എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.
“ഗിൽ വളരെ മികച്ച കളിക്കാരനായി തന്നെയാണ് തോന്നുന്നത്. എന്നാൽ എനിക്ക് തോന്നുന്നത് യഥാർത്ഥ പരീക്ഷണം ആരംഭിക്കാൻ പോകുന്നത് ഇനിയാണെന്നാണ്. എതിർ ടീമിലെ ബോളർമാർ ഗില്ലിനെ മാർക്ക് ചെയ്യാൻ പോകുന്നത് ഇനിയാണ്. അവർ അയാൾക്കെതിരെ കൃത്യമായ പ്ലാനുകൾ രൂപീകരിക്കും. ഇക്കാരണങ്ങൾ കൊണ്ടുതന്നെയും ഇനിവരുന്ന മത്സരങ്ങളിൽ ഗിൽ ഒരുപാട് ശ്രദ്ധേയോടെ കളിക്കേണ്ടിവരും.”- സാബാ കരീം പറയുന്നു.
എന്നാൽ ഇതിനോടകം തന്നെ എല്ലാത്തരം ബോളർമാരെ നേരിടാനുള്ള കഴിവും ഗില്ലിനുണ്ടെന്ന് സാബാ കരീം പറഞ്ഞുവയ്ക്കുന്നു. “എനിക്ക് തോന്നുന്നത് കഴിഞ്ഞ രണ്ട് പരമ്പരകളിലും ഗിൽ കാണിച്ച വീര്യം വളരെ മികച്ചതാണെന്നാണ്. കൃത്യമായ ടെക്നിക്കുകളാണ് രണ്ടു പരമ്പരയിലും അയാൾ പ്രകടിപ്പിച്ചത്. അതോടൊപ്പം കൃത്യമായ തന്ത്രങ്ങളും. ഒപ്പം കൃത്യമായ പാഠവങ്ങൾ കൂടിചേരുമ്പോൾ ഗിൽ മികച്ചതാകുന്നു.
എന്തായാലും വലിയ ബോളിംഗ് അറ്റാക്കുകൾക്കെതിരെ ഗിൽ സ്വയം തെളിയിക്കേണ്ടി വരും.”- കരീം കൂട്ടിച്ചേർത്തു. ഗിൽ തന്റെ ഏകദിന കരിയർ മികച്ച രീതിയിലായിരുന്നില്ല ആരംഭിച്ചത്. ഇന്ത്യയ്ക്കായി ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 16 റൺസ് നേടാനെ ഗില്ലിന് സാധിച്ചിരുന്നുള്ളു. എന്നാൽ ഈ വർഷം ഒരു തകർപ്പൻ തിരിച്ചുവരവാണ് ഗിൽ നടത്തിയിരിക്കുന്നത്. ഇതുവരെ ആറു മത്സരങ്ങളിൽനിന്ന് ഈ വർഷം 450 റൺസാണ് ഗിൽ നേടിയത്.