ലോകകപ്പിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ പുരോഗമിക്കുകയാണ്. ഇരുഗ്രൂപ്പുകളിലും അട്ടിമറികളോടെ അങ്ങേയറ്റം ആവേശകരമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇതിൽ എടുത്തുപറയേണ്ടത് ശ്രീലങ്ക അടങ്ങിയ ഗ്രൂപ്പ് എയുടെ കാര്യമാണ്. ഇതുവരെ ഗ്രൂപ്പ് എ യിൽ എല്ലാ ടീമുകളും രണ്ടു കളികൾ വീതം കളിച്ചു. ഇതിൽ രണ്ടു മത്സരങ്ങളും ജയിച്ച നെതർലാൻസാണ് ആദ്യ സ്ഥാനത്ത്. ശ്രീലങ്കക്കെതിരെ അട്ടിമറി വിജയം കരസ്ഥമാക്കിയ നമിബിയ രണ്ടാംസ്ഥാനത്തും ശ്രീലങ്ക, യുഎഇ എന്നീ ടീമുകൾ ടേബിളിന്റെ മൂന്നും നാലും സ്ഥാനങ്ങളിലും നിലകൊള്ളുന്നു. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന മത്സരങ്ങളാവും സൂപ്പർ12ലെ യോഗ്യരെ കണ്ടെത്തുക.
നാളെ നെതർലാൻസിനെതിരെയാണ് ശ്രീലങ്കയുടെ ആദ്യ റൗണ്ടിലെ അവസാന മത്സരം നടക്കുക. ശ്രീലങ്കയെ സംബന്ധിച്ച് ആദ്യ മത്സരത്തിൽ നമീബിയയോട് ഏറ്റുവാങ്ങിയത് ഒരു ഞെട്ടിപ്പിക്കുന്ന പരാജയം തന്നെയായിരുന്നു. ഏഷ്യാകപ്പിൽ ഇന്ത്യയെയും പാക്കിസ്ഥാനെയുംപോലെയുള്ള വമ്പൻ ടീമുകളെ പരാജയപ്പെടുത്തിയെത്തിയ ശ്രീലങ്കയ്ക്ക് ലഭിച്ച ഒരു തിരിച്ചടി തന്നെയായിരുന്നു അത്. അതിനാൽതന്നെ നാളെ നടക്കുന്ന നെതർലൻസിനെതിരായ മത്സരത്തിൽ എന്ത് വില കൊടുത്തും ശ്രീലങ്കയ്ക്ക് ജയിച്ചേ പറ്റൂ. അല്ലാത്തപക്ഷം അവർക്ക് സൂപ്പർ 12ൽ എത്തും മുൻപ് പെട്ടി പായ്ക്ക് ചെയ്യാം.
മറുവശത്ത് നമീബിയെയും യുഎഇയെയും പരാജയപ്പെടുത്തിയ ആവേശത്തിലാണ് നെതർലാൻഡ്‌സ് വരുന്നത്. ഒരു ചെറിയ വിജയമെങ്കിലും നേടി സൂപ്പർ12ലെത്താനാവും നെതർലാൻഡ്സ് ശ്രമിക്കുക. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യമാണ് ഗ്രൂപ്പിൽ നമിബിയയ്ക്ക്. അവർ ഇനി നേരിടേണ്ടത് രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു നിൽക്കുന്ന യുഎഇയെയാണ്. ഉയർന്ന നെറ്റ് റണ്‍റേറ്റ് ഉള്ളതിനാൽ യുഎഇക്കെതിരായ മത്സരം ചെറിയ മാർജിനിൽ വിജയിച്ചാലും നമിബിയയ്ക്ക് സൂപ്പർ 12ൽ എത്താം.
ശ്രീലങ്കയെ സംബന്ധിച്ച് നാളത്തെ മത്സരത്തിൽ പരാജയമറിഞ്ഞാൽ വലിയ പ്രശ്നങ്ങൾ തന്നെയാണ് ഉണ്ടാവാൻ പോകുന്നത്. സൂപ്പർ പന്ത്രണ്ടിലേക്ക് നമീബിയ ഏകദേശം ടിക്കറ്റ് ബുക്ക് ചെയ്ത സാഹചര്യത്തിൽ നെതർലാൻഡ്സാണോ ശ്രീലങ്കയാണോ ഒപ്പം പോവുക എന്നത് നാളെ കണ്ടറിയേണ്ട കാര്യമാണ്.