അങ്ങനെ എല്ലാവരും കാത്തിരുന്ന റോഡ് സേഫ്റ്റി വേൾഡ് സീരിസിന്റെ ഫൈനൽ എത്തിയിരിക്കുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ തുടർന്ന ഇന്ത്യൻ ലെജൻസും ശ്രീലങ്ക ലെജൻസും തമ്മിലാണ് മത്സരം നടക്കുക. വൈകിട്ട് 7.30ന് റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ ഒരു വിജയത്തോടെ കിരീടം സ്വന്തമാക്കാനാകും ഇരുടീമുകളും ശ്രമിക്കുക. ദിൽഷനും ജയസൂര്യയുമടങ്ങുന്ന ശ്രീലങ്കൻ നിര സച്ചിനും യുവരാജുമടങ്ങുന്ന ഇന്ത്യയെ നേരിടുമ്പോൾ 2011 ലോകകപ്പിനെ അനുസ്മരിപ്പിക്കുന്ന ആവേശത്തിൽ തന്നെയാണ് ആരാധകർ.
സെമിഫൈനലിൽ വമ്പന്മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. അത്യന്തം ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 171 എന്ന വലിയ സ്കോർ നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ നമൻ ഓജയുടെ മികവിലായിരുന്നു ഇന്ത്യ കുതിച്ചത്. എന്നാൽ നിർണായക സാഹചര്യങ്ങളിൽ വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യയെ ബാധിച്ചു. പക്ഷേ ഇർഫാൻ പത്താന്റെ ഹീറോ പരിവേഷത്തിൽ ഇന്ത്യ 5 വിക്കറ്റ് വിജയം കണ്ടു.
രണ്ടാമത്തെ സെമിഫൈനലിൽ കരുത്തന്മാരായ വിൻഡീസിനെ തോൽപിച്ചായിരുന്നു ശ്രീലങ്ക ഫൈനലിലെത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി ജയസൂര്യയും(26) ജയരത്നയും മികച്ച പ്രകടനങ്ങൾ നടത്തി. ഇവരുടെ ബലത്തിൽ ശ്രീലങ്ക 172 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ വേണ്ടവിധത്തിൽ സ്കോർ ഉയർത്താൻ വിൻഡീസിന് സാധിച്ചില്ല. 39 പന്തുകളിൽ 63 റൺസെടുത്ത ഡിയോനരേയൻ മാത്രമാണ് പിടിച്ചുനിന്നത്. ശ്രീലങ്കയ്ക്കായി കുലശേഖരയും ജയസൂര്യയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
സച്ചിനും ജയസൂര്യയും ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ആവേശത്തിൽ തന്നെയാണ് ആരാധകർ. ടൂർണ്ണമെന്റിലുടനീളം ബാറ്റ് കൊണ്ടും ബോളുകൊണ്ടും മികവുകാട്ടിയ ദിൽഷനെയും ജയസൂര്യയെയും സച്ചിന്റെ പട എങ്ങനെ പിടിച്ചുകേട്ടുമേന്ന് കണ്ടറിയേണ്ടത് തന്നെയാണ്. വൈകിട്ട് 7.30 മുതൽ Voot പ്ലാറ്റ്ഫോമിൽ മത്സരം ലൈവ് ആയി ലഭിക്കുന്നതാണ്.