20 റൺസ് നേടിയാലും അത് ടീമിനായി നേടണം!! ഇന്ത്യൻ ടീമിന് ഗംഭീറിന്റെ ഉപദേശം

   

ക്യാച്ചുകളും ഫീൽഡിങ്ങും മികച്ച ബാറ്റിംഗുകളുമൊക്കെ ഒരു ടീമിനെ വിജയത്തിലെത്തിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യൻ ടീമിന്റെ വിജയരഹസ്യവും ടീമംഗങ്ങളുടെ ഇത്തരം മേഖലകളിലുള്ള മികച്ച പ്രകടനങ്ങൾ തന്നെയാണ്. മത്സരങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ വ്യക്തിഗത പ്രകടനങ്ങൾക്ക് കൃത്യമായ പ്രാധാന്യമുണ്ട്. എന്നാൽ ലോകകപ്പിൽ വ്യക്തിഗത നാഴികക്കല്ലുകൾക്ക് പുറമേ കളിക്കാർ ടീമിന്റെ വിജയത്തിനായി റൺസ് കണ്ടെത്തുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യയുടെ മുൻ ക്രിക്കറ്റർ ഗൗതം ഗംഭീർ പറയുന്നത്. വിരാട് കോഹ്ലിയെപോലെയുള്ള ബാറ്റർമാർ ലോകകപ്പിൽ ഏതുതരം സമീപനം സ്വീകരിക്കണമെന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ഗംഭീർ.

   

അർത്ഥസെഞ്ച്വറിയും സെഞ്ച്വറിയും നേടുന്നതിൽ ശ്രദ്ധിക്കുന്നതിനപ്പുറം ചെറുതാണെങ്കിലും ടീമിന് ആവശ്യമായ സംഭാവനകൾ താരങ്ങൾ നൽകണമെന്ന് ഗംഭീർ പറയുന്നു. “റൺസ് നേടുന്നതിലെ മാനസികാവസ്ഥ ടീമിന്റെ വിജയം മുന്നിൽകണ്ട് തന്നെയാവണം. അർദ്ധസെഞ്ച്വറികളോ സെഞ്ച്വറികളോ നേടാനായി റൺസ് നേടുന്നതിൽ യാതൊരു അർത്ഥവുമില്ല. ഒരുപക്ഷേ 40ഓ 20ഓ റൺസേ നേടാനായുള്ളൂവെങ്കിലും അത് മികച്ച റേറ്റിൽ നേടി ടീമിനെ 170-180 സ്കോറിൽ എത്തിക്കാൻ സാധിക്കണം.

   

ഇനി ടീം ചെയ്സ് ചെയ്യുകയാണെങ്കിൽ മധ്യനിരയിലേക്ക് അധികസമ്മർദ്ദം ചെല്ലാതിരിക്കാൻ ശ്രമിക്കണം.”- ഗംഭീർ പറയുന്നു. “ഇങ്ങനെയുള്ള ടൂർണമെന്റുകളിലേക്ക് പോകുമ്പോൾ വ്യക്തികത റെക്കോർഡുകൾ വീട്ടിൽ വച്ചിട്ട് പോവുക. ഇത്തരം ടൂർണമെന്റുകളിൽ അതിന് പ്രാധാന്യമില്ല. നിങ്ങൾ 200 റൺസേ ടൂർണമെന്റിൽ നേടിയുള്ളൂവെങ്കിലും ടീം ജയിച്ചാൽ സന്തോഷമാണ്. എന്നാൽ നിങ്ങൾ 500 നേടിയിട്ടും ടീം പുറത്തായാൽ അതിന് യാതൊരു വിലയും ഉണ്ടാവില്ല.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.

   

ഇന്ത്യയുടെ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കെഎൽ രാഹുലടക്കമുള്ള ബാറ്റർമാരുടെ പതിഞ്ഞ ഇന്നിങ്സുകൾ ചർച്ചാവിഷയമായിരുന്നു. ഈ അവസരത്തിലാണ് ഗംഭീറിന്റെ ഈ അഭിപ്രായങ്ങൾ. എന്തായാലും വരാനിരിക്കുന്ന ടൂർണമെന്റുകളിൽ ഇത് ചർച്ചാവിഷയമാകാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *