ഇന്ത്യയുടെ സ്ഥിരതയുള്ള ടെസ്റ്റ് ബാറ്ററായിരുന്നു ചേതേശ്വർ പൂജാര. തന്റെ ബാറ്റിങ് ശൈലികൊണ്ടുതന്നെ രാഹുൽ ദ്രാവിഡിന്റെ ഇന്ത്യൻ ടീമിലെ പകരക്കാരൻ എന്ന പേര് പൂജാര സമ്പാദിച്ചിരുന്നു. ഏറ്റവും പതിഞ്ഞതാളത്തിൽ ബാറ്റ് ചെയ്യുന്ന പൂജാരയെ ഏകദിന മത്സരങ്ങളിലും ട്വന്റി20കളിലും ഇന്ത്യ ഉൾപ്പെടുത്താത്തിരുന്നത്, അദ്ദേഹത്തിന് വമ്പൻഷോട്ടുകൾ കളിക്കാൻ സാധിക്കാതെ വന്നതിനാലായിരുന്നു. എന്നാൽ ഇപ്പോൾ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ വ്യത്യസ്തമായ ഒരു പൂജാരയെയാണ് എല്ലാവരും കാണുന്നത്.
കഴിഞ്ഞ ദിവസം സസെക്സ് ടീമിനുവേണ്ടി ഒരോവറിൽ 22 റൺസാണ് പുജാര അടിച്ചുകൂട്ടിയത്. മത്സരത്തിൽ 311 എന്ന വിജയലക്ഷ്യമായിരുന്നു സസെക്സ് പിന്തുടർന്നത്. പുജാര തന്റെ എല്ലാത്തരം കഴിവും മത്സരത്തിൽ കാണിക്കുകയുണ്ടായി. എതിർ ടീമായ വാർവിക്ഷയറിനെ പലതവണ പുജാര പഞ്ഞിക്കിട്ടു. സംഭവം അരങ്ങേറിയത് സസെക്സ് ഇന്നിങ്സിന്റെ 47ആം ഓവറിലായിരുന്നു.
വാർവിക്ഷെയർ ബോളർ ലിയാംനോർവെല്ലിന്റെ ഓവറിൽ 22 റൺസായിരുന്നു പുജാര അടിച്ചുകൂട്ടിയത്. കൃത്യമായ പ്രതിരോധത്തിന് പേരുകേട്ട പൂജാരയുടെ ഈ വമ്പനടികൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 47ആം ഓവറിൽ മൂന്ന് തകർപ്പൻ ബൗണ്ടറികളും ഒരു സിക്സറുമായിരുന്നു പൂജാര നേടിയത്. ഇതിൽ പുതിയതരം ബാറ്റർമാരെ ഓർമ്മിപ്പിക്കുന്ന റാംപ് ഷോട്ടുകൾ പോലും അടങ്ങിയിരുന്നു.
സസെക്സ് ക്രിക്കറ്റ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചത്. മത്സരത്തിൽ 79 പന്തുകളിൽ 107 റൺസായിരുന്നു പുജാര നേടിയത്. ഇതിൽ ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. 135 സ്ട്രൈക്ക് റേറ്റിലായിരുന്നു പുജാര ബാറ്റുവീശിയത്. എന്നാൽ 49ആം ഓവറിൽ പുജാരയുടെ വിക്കറ്റ് നഷ്ടപ്പെടുകയും സസെക്സിന് മത്സരത്തിൽ 5 റൺസിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു.
4 2 4 2 6 4
TWENTY-TWO off the 47th over from @cheteshwar1. 🔥 pic.twitter.com/jbBOKpgiTI
— Sussex Cricket (@SussexCCC) August 12, 2022