ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച സീം ബോളറാണ് ജസ്പ്രീത് ബുംറ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനാൽ തന്നെ പരിക്കുമൂലം ബുംറ ഏഷ്യകപ്പിൽ നിന്നും മാറി നിൽക്കുമ്പോൾ ഇന്ത്യ പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഒരുപാടാണ്. ഇന്ത്യ പ്രധാനമായും ന്യൂബോൾ ബോളറായും ഡെത്ത് ബോളറായും ബുമ്രയെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിനൊക്കെയുമപ്പുറം മധ്യഓവറുകളിലാണ് ബുംറയുടെ അസാന്നിധ്യം ഇന്ത്യയെ ബാധിക്കുക എന്നതാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറുടെ പക്ഷം.
“അർഷദീപ് സിംഗ് നല്ലൊരു ഓപ്ഷനാണ്. അയാൾ നന്നായി യോർക്കറുകൾ എറിയും. ഡെത്ത് ഓവറുകളിൽ നല്ല നിയന്ത്രണവും ഉണ്ട്. അതിനാൽതന്നെ ഡെത്ത് ഓവറുകളിൽ ബുംറയുടെ അഭാവം ഇന്ത്യയെ വലുതായി ബാധിക്കില്ല. എന്നാൽ മധ്യഓവറുകളിൽ തീർച്ചയായും ഇന്ത്യയെ സംബന്ധിച്ച് ബുംറയുടെ അഭാവം സാരമായി തന്നെ ബാധിക്കും.”- ബംഗാർ പറയുന്നു.
“ബുംറ ഇല്ലാത്തപക്ഷം ഭുവനേശ്വർ കുമാറാണ് അയാളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. അയാൾ ഇന്നിങ്‌സിന്റെ ആരംഭത്തിൽ രണ്ട് ഓവറുകളും, അവസാന രണ്ട് ഓവറുകളും എറിയണം. അതുതന്നെയാണ് ഭുവനേശ്വറിന്റെ ബലവും. എനിക്ക് തോന്നുന്നത്, മധ്യ ഓവറുകൾക്കിടയിൽ ഇന്ത്യ ബുംറയെ ഒരു ഓവർ ചെയ്യിച്ചിരുന്നു. അവിടെയാണ് പോരായ്മ ഉണ്ടാവാൻ സാധ്യത.” – ബംഗാർ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ഏഷ്യാകപ്പ് സ്‌ക്വാഡിൽ ഭുവനേശ്വർ കുമാറും അർഷദീപ് സിങ്ങുമാണ് പ്രധാന സീം ബോളർമാർ. ഇവർക്കുപുറമേ ആവേഷ് ഖാൻ മാത്രമാണ് സീമറായി ഉള്ളത്. അതിനാൽതന്നെ ഒരു മൂന്നാം സീമറെ ഇന്ത്യ ടീമിലുൾപ്പെടുത്താൻ സാധ്യതകൾ തീരെ കുറവാണ്. പ്രത്യേകിച്ച് ഹർദിക് പാണ്ഡ്യയെപോലെയുള്ള ഒരു സീം ഓൾറൌണ്ടർ ഉള്ളപ്പോൾ അതിന്റെ ആവശ്യം കുറവാണ്. എന്തായാലും പാകിസ്ഥാൻപോലുള്ള ടീമുകളുടെ മുൻപിൽ ബുംറയുടെ അഭാവം ഗുരുതരപ്രശ്നങ്ങൾ തന്നെ ഇന്ത്യക്ക് ഉണ്ടാക്കിയേക്കാം.