2022ലെ ഏഷ്യ കപ്പ് ട്വന്റി20 ശ്രീലങ്കയിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ശ്രീലങ്കയില്‍ നിലവിലുള്ള ആഭ്യന്തര പ്രതിസന്ധികൾ മൂലം ഏഷ്യാകപ്പിന്റെ വേദി മാറ്റിനിശ്ചയിക്കേണ്ടി വരികയായിരുന്നു. നിലവിൽ ശ്രീലങ്കയ്ക്ക് പകരം യുഎഇയിയാണ് ഏഷ്യാകപ്പിന് വേദിയാവുക. മത്സരം നടക്കുന്നത് UAEയില്‍ ആണെങ്കിലും ആതിഥേയത്വത്തിനുള്ള അധികാരം ശ്രീലങ്കയ്ക്ക് തന്നെയാണ്.
ഇക്കാരണങ്ങളൊക്കെ കൊണ്ട് ടൂർണമെന്റിലൂടെ ലഭിക്കുന്ന തുക ശ്രീലങ്കയ്ക്ക് ആയിരിക്കും ലഭിക്കുക. ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രതിഫലം, ടിക്കറ്റിലൂടെ ലഭിക്കുന്ന വരുമാനം, പങ്കെടുക്കുന്ന രാജ്യങ്ങൾ നൽകുന്ന തുക ഇങ്ങനെയുള്ള വരുമാനങ്ങൾ പൂർണമായും ശ്രീലങ്കയ്ക്ക് തന്നെ ലഭിക്കുന്നതാണ്.
ശ്രീലങ്കയിൽ വച്ച് മത്സരം സംഘടിപ്പിക്കാൻ ആവാത്തതിന്റെ ഖേദത്തിൽ തന്നെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വ ഏഷ്യാകപ്പിൽ നിന്ന് ശ്രീലങ്കയ്ക്ക് ലഭിക്കുന്ന വരുമാനത്തെ കുറിച്ച് പറയുകയുണ്ടായി. ” ശ്രീലങ്കയ്ക്ക് ഇപ്പോൾ 2.5 മില്യൺ USD ആതിഥേയത്തിന്റെ പ്രതിഫലമായി ലഭിക്കും. ടിക്കറ്റ് വിൽപ്പനയിലൂടെ 1.5 മില്യണ്‍ USD ആയിരിക്കും ലഭിക്കുക.
പങ്കാളികളാവുന്ന ടീമിൻറെ ഫീ ആയി 2 മില്യൺ USDയും ലഭിക്കും. അങ്ങനെ മൊത്തം 6 മില്യണ്‍ USD ആവും വരുമാനമായി ശ്രീലങ്കൻ ക്രിക്കറ്റിന് ലഭിക്കുക. ” – ഡി സില്‍വ പറയുന്നു. 2022ലെ ഏഷ്യ കപ്പ് ഓഗസ്റ്റ് 27ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പോരാട്ടത്തോടെയാണ് ആരംഭിക്കുക. ആദ്യമത്സരം ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയമാണ് ടൂര്‍ണമെന്റിന്റെ രണ്ടാം വേദി.