കരിയറിൽ നിന്ന് വിരമിച്ച സൂപ്പർ ലെജൻസ് താരങ്ങളുടെ പ്രകടനങ്ങൾ വീണ്ടും കാണാൻ വഴിയൊരുക്കിയ ടൂർണ്ണമെന്റായിരുന്നു ലെജൻസ് ലീഗ് ക്രിക്കറ്റ്. എന്നും ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളായ സച്ചിനും സേവാഗുമടക്കം ഒരുപാട് ക്രിക്കറ്റർമാർ ലീഗിൽ പങ്കെടുക്കാറുണ്ട്. ഇത്തവണ ലെജൻസ് ലീഗ് ക്രിക്കറ്റിന് മുൻപ് ഒരു പ്രത്യേക മത്സരം സംഘടിപ്പിക്കുകയാണ് അധികൃതർ. സെപ്റ്റംബർ 16ന് ഇന്ത്യൻ മഹാരാജാസും വേൾഡ് ജയിന്റ്സും തമ്മിലാണ് ഈ പ്രത്യേക മത്സരം നടക്കുക.
മത്സരത്തിൽ പങ്കെടുക്കുന്ന കളിക്കാരുടെ വിവരങ്ങളും അധികൃതർ പുറത്തുവിടുകയുണ്ടായി. എന്നാൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹെർഷേൽ ഗിബ്സും ശ്രീലങ്കൻ വെടിക്കെട്ട് ബാറ്റർ ജയസൂര്യയും മത്സരത്തിൽ കളിക്കില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. “ഇന്ത്യൻ മഹാരാജാസും വേൾഡ് ജയിൻസും തമ്മിൽ നടക്കുന്ന പ്രത്യേക മത്സരത്തിൽ ഗിബ്സും ജയസൂര്യയും കളിക്കുന്നതല്ല. ഇവർക്ക് പകരക്കാരായി ഡാനിയൽ വെട്ടോറിയും ഷെയിൻ വാട്സണും മത്സരത്തിൽ അണിനിരക്കും.
“- അധികൃതർ അറിയിച്ചു. സെപ്റ്റംബർ 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വച്ചാണ് ഈ പ്രത്യേക മത്സരം നടക്കുന്നത്. ബിസിസിഐ പ്രസിഡണ്ടും മുൻ ഇന്ത്യൻ താരവുമായ സൗരവ് ഗാംഗുലിയായിരിക്കും മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിനെ നയിക്കുക. ഇംഗ്ലണ്ട് താരം ഓയിൻ മോർഗനാണ് വേൾഡ് ജെയിൻസ് ടീമിന്റെ ക്യാപ്റ്റൻ. 10 വിദേശരാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ ഈ മത്സരത്തിൽ പങ്കെടുക്കും.
ഗാംഗുലിക്ക് പുറമെ വീരേന്ദർ സേവാഗ്, മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, എസ് ശ്രീശാന്ത്, ഹർഭജൻ സിംഗ് തുടങ്ങിയവർ ഇന്ത്യൻ മഹാരാജാസിനായി അണിനിരക്കും. ജാക്ക് കാലിസ്, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരൻ, ഡേയ്ൽ സ്‌റ്റെയ്‌ൻ, ബ്രറ്റ് ലീ തുടങ്ങിയവരാണ് വേൾഡ് ജെയിൻസ് ടീം അംഗങ്ങൾ. ഈ മത്സരത്തിന്റെ അടുത്തദിവസം തന്നെ നാല് ടീമുകൾ അടങ്ങുന്ന ലെജൻസ് ലീഗ് ക്രിക്കറ്റ് ആരംഭിക്കും.