ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വൻറി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ടീമുകൾ ആരംഭിച്ചു തുടങ്ങിയിരിക്കുന്നു. അതിൻറെ ഭാഗമായി ഒരുപാട് ട്വന്റി20 പരമ്പരകളും ടീമുകൾ കളിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ ശക്തമായ ഒരു ബോളിംഗ് യൂണിറ്റ് കണ്ടെത്തുക എന്നത് തന്നെയാണ് ഈ ലോകകപ്പിലെ ശ്രമകരമായ കാര്യം. ഇന്ത്യയുടെ ബോളിംഗ് യൂണിറ്റിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത് ഇന്ത്യയുടെ മുൻ ഫീൽഡിങ് കോച്ചായിരുന്ന ആര്‍ ശ്രീധരാണ്.
” ലോകകപ്പിലേക്ക് വരുമ്പോൾ അതൊരു വലിയ ടൂർണമെൻറാണ്. അവിടെ നമുക്ക് വേണ്ടത് നമ്മുടെ വലിയ താരങ്ങളുടെ മികച്ച പ്രകടനങ്ങൾ തന്നെയാണ്. ഇന്ത്യൻ ബോളിംഗ് യൂണിറ്റിനെ സംബന്ധിച്ച് ഭുവനേശ്വര്‍ കുമാർ, ബൂംമ്ര, ഷാമി എന്നിവരാണ് വലിയ താരങ്ങൾ. ഒപ്പം ഹാർദിക് പാണ്ട്യ എന്ന ഓള്‍റൗണ്ടര്‍ കൂടി ചേരുന്നതോടെ ഇന്ത്യൻ ബോളിംഗ് യൂണിറ്റ് ശക്തമാകും. ” – ശ്രീധർ പറയുന്നു.
” ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യക്ക് ന്യൂബോളറായും ഡെത്ത് ബോളറായും ഉപയോഗിക്കാൻ സാധിക്കും. ഭുവി ഭേദപ്പെട്ട ഫിറ്റ്നസിൽ തന്നെയാണ് ഇപ്പോഴുള്ളത്. ന്യൂബോളിൽ മികവുകാട്ടാൻ മുഹമ്മദ് ഷാമിക്കും സാധിക്കും. ഷാമിയുടെയും ഭൂമിയുടെയും രണ്ട് ഓവറുകൾ വീതം ഇന്ത്യ ആദ്യ നാലോറുകളിൽ ഉപയോഗിച്ചാൽ തന്നെ, പിന്നീട് ഹർദിക് പാണ്ഡ്യ, ബൂംമ്ര, ജഡേജ എന്നിവരുണ്ട്. അതിനാൽ തന്നെ മികച്ച ഒരു യൂണിറ്റാവാൻ ഈ കോംബോയ്ക്ക് സാധ്യമാണ്.” – ശ്രീധർ കൂട്ടിച്ചേർത്തു.
ഇവരോടൊപ്പം സ്പിൻ വിഭാഗത്തിൽ ലെഗ്സ്പിന്നറായി ചാഹൽ കളിക്കണം എന്ന അഭിപ്രായവും ശ്രീധർ പങ്കുവയ്ക്കുന്നു. ഈ ബോളിംഗ് കോമ്പിനേഷനുകൾ ലോകത്തുള്ള ഏതു മികച്ച ബാറ്റിംഗ് നിരയ്ക്കും ഭീഷണിയാകുമെന്നും ശ്രീധർ പറയുന്നു.