ഇന്ത്യയുടെ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡിന് കോവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഇന്ത്യയുടെ പകരക്കാരനായ കോച്ചിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ മുൻ ബാറ്റർ വിവിഎസ് ലക്ഷ്മണാണ് ദ്രാവിഡിന്റെ അഭാവത്തിൽ ഏഷ്യകപ്പിൽ ഇന്ത്യയെ പരിശീലിപ്പിക്കുക. നിലവിൽ ലക്ഷ്മൺ ഇന്ത്യൻ ടീമിനോപ്പം യുഎഇയിൽ ജോയിൻ ചെയ്തിട്ടുണ്ട്. രോഹിത് ശർമ ക്യാപ്റ്റനായുള്ള നിരയിൽ കെ എൽ രാഹുലാണ് ഉപനായകൻ.
ഇന്ത്യയുടെ സിംബാബ്വെക്കെതിരെ അവസാനിച്ച ഏകദിനപരമ്പരയിൽ ഇന്ത്യയുടെ രണ്ടാം ടീമിന്റെ കോച്ചായിരുന്നു ലക്ഷ്മൺ. ഇന്ത്യ പരമ്പര 3-0ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലും ലക്ഷ്മണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. Cricbuzz ന്റെ റിപ്പോർട്ട് അനുസരിച്ച് തന്റെ ഹരാരെയിൽ നിന്നുള്ള മടങ്ങിവരവിൽ ദുബായിലേക്ക് പറക്കുകയായിരുന്നു ലക്ഷ്മൺ.
സിംബാബ്വെ പര്യടനത്തിൽ ലക്ഷ്മണിന് സഹായത്തിനുണ്ടായിരുന്ന മറ്റ് കോച്ചുമാരും യുഎഇയിൽ എത്തിയിട്ടുണ്ട്. സിംബാബ്വെക്കെതിരായ പരമ്പര കളിച്ച മറ്റു കളിക്കാർ ഏഷ്യ കപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. അവർ തിരിച്ച് നാട്ടിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. രാഹുൽ ദ്രാവിഡിന്റെ സാഹചര്യം മാറ്റമില്ലാതെ തുടരുന്നതിനാലാണ് ബിസിസിഐ കോച്ചായി നിയമിച്ചത്. “ചെറിയ ലക്ഷണങ്ങളോടെ ദ്രാവിഡ് ഇപ്പോഴും ബിസിസിഐ മെഡിക്കൽ ടീമിന് ഒപ്പമാണുള്ളത്.
കോവിഡ് 19 റിപ്പോർട്ട് നെഗറ്റീവായ ശേഷം ദ്രാവിഡ് ടീമിനോപ്പം ചേരുന്നതാണ്. “- ബിസിസിഐ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ ദ്രാവിഡിന് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ബദ്ധശത്രുക്കളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ഏഷ്യാക്കപ്പിലെ ആദ്യ മത്സരം. ഓഗസ്റ്റ് 28നാണ് മത്സരം നടക്കുക. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിനെ ഇപ്പോൾ തന്നെ പരിക്കുകൾ ബാധിച്ചിട്ടുണ്ട്. സ്റ്റാർ പേസർ ജസ്പ്രിത് ബുംറയും ഹർഷൽ പട്ടേലും പരിക്കുമൂലം ടൂർണമെന്റിൽ നിന്ന് നേരത്തെ മാറിനിന്നിരുന്നു.