ഏഷ്യാകപ്പിന് മുമ്പുള്ള ഇന്ത്യയുടെ സിംബാബ്വെക്കെതിരായ ഏകദിന പരമ്പര ഈ മാസം 18നാണ് ആരംഭിക്കുക. നിലവിൽ ഏഷ്യാകപ്പിലെ മിക്കവാറും കളിക്കാരെയും ഈ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയുടെ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡിനെയും സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഈ വിവരം പുറത്തുവിട്ടത്.
കൂടാതെ പര്യടനത്തിനുള്ള ഇന്ത്യയുടെ ഹെഡ് കോച്ചായി NCA ഹെഡും ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവുമായ വി വി എസ് ലക്ഷ്മണെ നിശ്ചയിച്ചതായും ജയ് ഷാ പറഞ്ഞു. സിംബാബ്വേ പരമ്പരയും ഏഷ്യാകപ്പും തമ്മിൽ ഇടവേളയിലുള്ള കുറവാണ് സിംബാബ്വെക്കെതിരായ പരമ്പരയിൽ നിന്ന് ദ്രാവിഡിനെ മാറ്റിനിർത്താൻ കാരണമായി ബിസിസിഐ പറയുന്നത്. ഈ മാസം 22നാണ് സിംബാബ്വെ പര്യടനം ആരംഭിക്കുക.
27 മുതൽ ഏഷ്യാകപ്പ് ആരംഭിക്കുകയും ചെയ്യും. അതിനാൽ ഏഷ്യാകപ്പ് ടീമിന് സെറ്റിലാവാനുള്ള സമയം അനുവദിക്കാനാണ് ബിസിസിഐയുടെ തീരുമാനം. “സിംബാബ്വെക്കെതിരായ ഇന്ത്യയുടെ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയിൽ വിവിഎസ് ലക്ഷ്മൺ ആയിരിക്കും ഇന്ത്യയുടെ ഹെഡ് കോച്ച്. രാഹുൽദ്രാവിഡ് ഇടവേളയെടുക്കുകയൊന്നുമല്ല. സിംബാബ്വെക്കെതിരായ പരമ്പര 22ന് അവസാനിക്കും.
23ന് ഏഷ്യാകപ്പിനായി ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം യുഎഇയിലേക്ക് എത്തും. രണ്ടു പരമ്പരകളും തമ്മിൽ ചെറിയ വ്യത്യാസം മാത്രം ഉള്ളതുകൊണ്ടാണ് ലക്ഷ്മണെ കോച്ചായി നിശ്ചയിച്ചിരിക്കുന്നത്.”- ജയ് ഷാ പറഞ്ഞു. ” കെ എൽ രാഹുലും ദീപക് ഹൂഡയും മാത്രമാണ് ഏഷ്യാകപ്പിലെ സ്ക്വാഡിൽ ഉള്ളവരിൽ സിംബാബ്വെ പര്യടനം കളിക്കുന്നത്. അതിനാൽതന്നെ ഹെഡ് കോച്ചായ ദ്രാവിഡ് ട്വന്റി20 സ്‌ക്വാഡിനൊപ്പം നിൽക്കുന്നതാണ് യുക്തിപരം”- ജയ് ഷാ കൂട്ടിച്ചേർത്തു. കെ എൽ രാഹുലാണ് പരമ്പരയിലെ ഇന്ത്യൻ ക്യാപ്റ്റൻ.