ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ അവസാന ഏഷ്യാകപ്പ് മത്സരത്തിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു വിരാട് കോലി കാഴ്ചവെച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ബാറ്റിങിനിറങ്ങിയ കോഹ്ലി അഫ്ഗാനിസ്ഥാന്റെ എല്ലാ ബാറ്റർമാരെയും അടിച്ചുതൂക്കുന്ന കാഴ്ചയാണ് കാണാനായത്. മത്സരത്തിൽ സെഞ്ചുറി നേടിയ കോഹ്ലി ഒരുപാട് വമ്പൻ റെക്കോർഡുകളും തകർത്തിരുന്നു. ഇതോടെ ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്‌ലി തന്നെ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്ന അഭിപ്രായങ്ങൾ വന്നുതുടങ്ങിയിരുന്നു. ഇതേപ്പറ്റിയുള്ള തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ ചെതേശ്വർ പൂജാര ഇപ്പോൾ.
ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി ഓപ്പണിങ് ഇറങ്ങരുതെന്നാണ് പൂജാര ഇപ്പോൾ പറയുന്നത്. ” കോഹ്ലി ഓപ്പണിങ് ഇറങ്ങണമെന്ന് ഞാൻ പറയില്ല. എനിക്ക് തോന്നുന്നത് മൂന്നാം നമ്പരിൽ തന്നെ ബാറ്റ് ചെയ്യുന്നതാണ് ഉത്തമമെന്നാണ്. മൂന്നാം നമ്പറിൽ താൻ ഒരു മികച്ച ബാറ്ററാണെന്ന് കോഹ്ലി നേരത്തെതന്നെ തെളിയിച്ചതാണ്.
മാത്രമല്ല നിലവിലെ ഇന്ത്യ ഓപ്പണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും മികച്ച ജോഡികൾ തന്നെയാണ്. എന്റെ അഭിപ്രായം കോഹ്ലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം എന്നാണ്” – പുജാര പറയുന്നു. കോഹ്ലി മൂന്നാം നമ്പരിൽ തന്നെ ബാറ്റുചെയ്യണമെന്നാണ് മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പയുടെ അഭിപ്രായം. “ഒരുപക്ഷേ ഓപ്പണിങ്ങിറങ്ങാൻ കോഹ്ലിയ്ക്ക് ഇഷ്ടമുണ്ടാവും. എന്നാൽ ഇനി അദ്ദേഹം മൂന്നാം നമ്പരിലാണ് കളിക്കേണ്ടത്.
കാരണം അദ്ദേഹത്തിന് ആവശ്യമായ ഫ്ലോ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ 3ആം നമ്പറിൽ കോഹ്ലി നന്നായി തന്നെ കളിക്കും”- ഉത്തപ്പ പറയുന്നു. ഇതുവരെ കോഹ്ലി ഒൻപത് തവണയാണ് അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തിട്ടുള്ളത്. ഇതിൽ നിന്ന് 400 റൺസും കോഹ്ലി നേടിയിട്ടുണ്ട്. ഇതിൽ ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.