2022 ട്വന്റി20 ലോകകപ്പിലെ ന്യൂസിലാൻഡ് ടീമിന്റെ ബോളിംഗ് നിരയെ നയിച്ചത് സ്റ്റാർ പേസർ ട്രെൻഡ് ബോൾട്ടായിരുന്നു. വളരെ മികച്ച രീതിയിൽ തന്നെ ടൂർണമെന്റിലുടനീളം ബോൾട്ട് ബോൾ ചെയ്തിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരെ നവംബർ 18ന് ആരംഭിക്കുന്ന പരമ്പരയിൽ നിന്ന് ന്യൂസിലാൻഡ് ട്രെൻഡ് ബോൾട്ടിനെ ഒഴിവാക്കുകയാണ് ഉണ്ടായത്. ഇതിന്റെ കാരണത്തെപ്പറ്റി ന്യൂസിലാൻഡ് കോച്ച് ഗ്യാരി സ്റ്റഡ്സ് സംസാരിക്കുകയുണ്ടായി.
നേരത്തെ ന്യൂസിലാൻഡ് ടീമുമായുള്ള സെൻട്രൽ കോൺട്രാക്ടിൽ നിന്ന് ട്രെൻഡ് ബോൾട്ട് ഒഴിഞ്ഞിരുന്നു. കുടുംബത്തോടൊപ്പം സമയം കണ്ടെത്തുന്നതിനും മറ്റു ട്വന്റി20 ലീഗുകളിൽ കളിക്കുന്നതിനുമായാണ് സെൻട്രൽ കോൺട്രാക്ട് ഒഴിവാക്കുന്നത് എന്ന് ബോൾട്ട് പറഞ്ഞിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് ബോൾട്ടിനെ ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതെന്ന് ഗ്യാരി സ്റ്റഡ്സ് പറയുന്നു.
“കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രെൻഡ് ബോൾട്ട് ന്യൂസിലാൻഡിന്റെ സെൻട്രൽ കോൺടാക്ടിൽ നിന്ന് ഒഴിവായത്. സെൻട്രൽ കോൺടാക്ടും ഡൊമസ്റ്റിക് കോൺടാക്ടുമുള്ള കളിക്കാർക്കാവും ഇനിയുള്ള മത്സരങ്ങളിൽ ന്യൂസിലാൻഡ് മുൻതൂക്കം നൽകുക എന്ന് ഞങ്ങൾ ബോൾട്ടിനെ ബോധിപ്പിച്ചിരുന്നു. അതാണ് ഇവിടെയും സംഭവിക്കുന്നത്. ബോൾട്ടിന്റേത് ലോകോത്തര നിലവാരമുള്ള ബോളിംഗാണ്. എന്നാൽ ഞങ്ങളെ സംബന്ധിച്ച് വരുന്ന ടൂർണമെന്റുകളിലേക്ക് മികച്ച ടീം കെട്ടിപ്പടുക്കണം. അതിനാൽതന്നെ മറ്റു കളിക്കാർക്ക് അവസരങ്ങൾ നൽകി അവരെ പരിചയസമ്പന്നരാക്കണം.” – സ്റ്റഡ്സ് പറഞ്ഞു.
നവംബർ 18നാണ് ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. പരമ്പരയിൽ ട്രെൻഡ് ബോൾട്ടിനൊപ്പം ഓപ്പണിങ് ബാറ്റർ മാർട്ടിൻ ഗുപ്റ്റിലിനെയും ന്യൂസിലാൻഡ് ഒഴിവാക്കിയിട്ടുണ്ട്.