നിലവിൽ ഇന്ത്യയുടെ ടീം സെലക്ടർമാർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ തന്നെയാണ് ഉയരുന്നത്. മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന പലർക്കും അവസരങ്ങൾ നൽകാതെയുള്ള റൊട്ടേറ്റിങ് പോളിസിയാണ് ഇന്ത്യ ഇപ്പോൾ നടപ്പാക്കുന്നത്. നിലവിൽ ഒരു ഫോർമാറ്റിൽ തന്നെ ഒന്നിലധികം ടീമുകൾ കെട്ടിപ്പടുക്കാൻ തന്നെയാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഒരു ഫോർമാറ്റിൽ ഒരു ശക്തമായ ടീം നിർമ്മിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ പറയുന്നത്.
ഇങ്ങനെ സംഭവിക്കാത്ത പക്ഷം ഐസിസി ഇവന്റുകളിൽ ഇന്ത്യ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും കനേറിയ പറയുന്നു. “ഇന്ത്യ ശ്രമിക്കുന്നത് നാലോ അഞ്ചോ ടീമുകൾ കെട്ടിപ്പടുക്കാനാണ്. എന്നാൽ അവർ ആദ്യം ചെയ്യേണ്ടത് കൃത്യമായ ഒരു ടീം കെട്ടിപ്പടുക്കുക എന്നതാണ്. വ്യത്യസ്ത ഫോർമാറ്റുകളിൽ വ്യത്യസ്തമായ ടീമുകൾ കെട്ടിപ്പടുക്കുന്നത് തെറ്റല്ല. പക്ഷേ കളിക്കാർക്ക് തങ്ങളുടെ മൂല്യം പ്രകടിപ്പിക്കാൻ പാകത്തിന് നീതിപരമായി അവസരങ്ങൾ നൽകേണ്ടതുണ്ട്.
അല്ലാത്തപക്ഷം ഐസിസി ട്രോഫി സ്വന്തമാക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമായി മാറിയേക്കാം.”- കനേറിയ പറയുന്നു. ഇതോടൊപ്പം ഇന്ത്യൻ ബോർഡ് ഐപിഎല്ലിനൊപ്പമുള്ള യാത്ര കുറയ്ക്കണമെന്നും കനേറിയ ഓർമ്മപ്പെടുത്തുകയുണ്ടായി. “എല്ലാവരും ഇപ്പോൾ ഐപിഎല്ലുമായി വലിയ തിരക്കിലാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ഇങ്ങനെ താഴേക്ക് പോകുന്നതിനെപ്പറ്റി ആരും സംസാരിക്കുന്നില്ല. സത്യാവസ്ഥ നമ്മൾ അംഗീകരിച്ച മതിയാവൂ. ഇന്ത്യൻ ടീമിന്റെ ഫോം ഒരേ അനുപാതത്തിൽ കുറഞ്ഞു വരികയാണ്.”- ഡാനിഷ് കനേറിയ കൂട്ടിച്ചേർക്കുന്നു.
ബംഗ്ലാദേശിനെതിരെ ഈ മാസം നാലിനാണ് ഇന്ത്യയുടെ അടുത്ത പരമ്പര ആരംഭിക്കുന്നത്. ഇരു ഏഷ്യൻ രാജ്യങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും ഡിസംബറിൽ കളിക്കും.