ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20യിൽ മികച്ച ഒരു ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ബാറ്റർ സൂര്യകുമാർ യാദവാണ്. തന്റെ 360 ഡിഗ്രി റേഞ്ച് ശ്രീലങ്കൻ ബോളർമാർക്ക് മുൻപിൽ പ്രദർശിപ്പിച്ച സൂര്യ 36 പന്തുകളിൽ 51 റൺസായിരുന്നു മത്സരത്തിൽ നേടിയത്. ഈ ഇന്നിംഗ്സിന് ശേഷം സൂര്യകുമാറിനെ എ ബി ഡിവില്ലിയെഴ്സിനോട് ഉപമിച്ചുകൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ എ ബി ഡിവില്ലിയെഴ്സിനോട് ഉപമിക്കാൻ ഒരിക്കലും സാധിക്കാത്ത ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ് എന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറയുന്നത്.
സൂര്യകുമാർ ജോസ് ബട്ലറുമായി താരതമ്യം ചെയ്യാൻ സാധിക്കുന്ന ക്രിക്കറ്ററാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ഇർഫാൻ പത്താൻ. “ഇത്തരം താരതമ്യങ്ങൾ വളരെ ബുദ്ധിമുട്ടാണ്. ഡിവില്ലിയെഴ്സിനെയും സൂര്യകുമാർ യാദവിനെയും നമുക്ക് താരതമ്യം ചെയ്യാൻ സാധിക്കില്ല. കാരണം ഡിവില്ലിയെഴ്സിന് കൂടുതൽ പവറുണ്ട്. ലോങ്ങ് ഓഫ് മുകളിലൂടെയും കവറിന് മുകളിലൂടെയും ഷോട്ടുകൾ കളിക്കുന്ന കാര്യം പരിശോധിച്ചാൽ, സൂര്യകുമാർ യാദവിനെക്കാളും ഒരുപാട് ഉയരത്തിലാണ് എ ബി ഡിവില്ലിയേഴ്സ്.”- പത്താൻ പറയുന്നു.
“ജോസ് ബട്‌ലറെകുറിച്ച് സംസാരിക്കുകയാണെങ്കിൽ അയാൾ താരതമ്യേന കൂടുതൽ പവറുള്ള ബാറ്ററാണ്. എന്നാൽ റേഞ്ചിനെ പറ്റി സംസാരിക്കുമ്പോൾ, സൂര്യകുമാർ യാദവാണ് ബട്ട്ലറെക്കാളും മികച്ചത്. അയാൾക്ക് കട്ട് ഷോട്ട് കളിക്കാനും, കവറിലൂടെ ഷോട്ടു കളിക്കാനും, സ്വീപ്പ് ഷോട്ടു കളിക്കാനുമൊക്കെ സാധിക്കും.”- ഇർഫാൻ പത്താൻ കൂട്ടിച്ചേർക്കുന്നു.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിൽ 51 റൺസായിരുന്നു സൂര്യകുമാർ യാദവ് നേടിയത്. ഇന്നിങ്സിൽ മൂന്നു ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. ആറാം വിക്കറ്റിൽ അക്ഷർ പട്ടേലുമൊത്ത് 91 റൺസിന്റെ കൂട്ടുകെട്ടും സൂര്യകുമാർ കെട്ടിപ്പൊക്കി.