എന്നെ മിസ്റ്റർ 360° എന്ന് വിളിക്കരുത്!! ആ പേരിന് അർഹനായ ഒരാളെ ലോകക്രിക്കറ്റിൽ ഉള്ളു – സൂര്യകുമാർ യാദവ് പറയുന്നു

   

ഇന്ത്യൻ ടീമിലേക്കെത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ടീമിന്റെ നട്ടെല്ലായി മാറിയ ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ്. തന്റെ ഷോട്ട് റേഞ്ചുകൾ കൊണ്ടും വ്യത്യസ്തമായ റാമ്പുഷോട്ടുകൾ കൊണ്ടും സൂര്യകുമാർ ലോകക്രിക്കറ്റിൽ ശ്രദ്ധപിടിച്ചുപറ്റി. 360 ഡിഗ്രി റേഞ്ചുള്ള സൂര്യയുടെ ഷോട്ടുകൾ മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സിനെ ഓർമിപ്പിക്കുന്നതാണ്. അതിനാൽ തന്നെ പലരും സൂര്യകുമാർ യാദവിനെ ഡിവില്ലിയേഴ്‌സുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാൽ, തന്നെ ഇതിഹാസതാരമായ ഡിവില്ലിയേഴ്‌സുമായി താരതമ്യം ചെയ്യരുത് എന്നാണ് സൂര്യകുമാർ യാദവ് പറയുന്നത്.

   

താൻ 360 ഡിഗ്രി ക്രിക്കറ്ററല്ലെന്നും അങ്ങനെ ഒരാൾ മാത്രമേ ലോകക്രിക്കറ്റിൽ ഉള്ളൂവെന്നും സൂര്യകുമാർ യാദവ് പറയുകയുണ്ടായി. “നോക്കൂ ക്രിക്കറ്റിൽ ഒരൊറ്റ മിസ്റ്റർ 360 ഡിഗ്രിയെ ഉള്ളൂ. ചാഹൽ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് അദ്ദേഹത്തോടൊപ്പം കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഞാൻ അദ്ദേഹത്തോട് കുറച്ചധികം കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.”- സൂര്യകുമാർ യാദവ് പറയുന്നു.

   

ഇതോടൊപ്പം അടുത്ത എബിഡിയാവാൻ താൻ ശ്രമിക്കുന്നില്ല എന്നും സൂര്യകുമാർ പറഞ്ഞു. “ഇവിടെ ഒരു 360 ഡിഗ്രി കളിക്കാരനെയുള്ളൂ. അദ്ദേഹത്തെ നിങ്ങൾക്ക് അറിയാമല്ലോ. എന്റെ കഴിവിനൊത്ത മികച്ച ഷോട്ടുകൾ കളിക്കാനാണ് ഞാൻ പലപ്പോഴും ശ്രമിക്കുന്നത്. അതിനാൽതന്നെ എനിക്ക് അടുത്ത സൂര്യകുമാർ യാദവായാൽ മതി.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.

   

തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ആദ്യ ബോൾ തന്നെ ജോഫ്ര ആർച്ചറിനെ സിക്സറിന് തൂക്കിയായിരുന്നു സൂര്യകുമാർ യാദവ് ആരംഭിച്ചത്. ശേഷം വെടിക്കെട്ട് വീരൻ എന്ന ടാഗ് സൂര്യകുമാറിന് ലഭിച്ചു. പിന്നീട് കരിയറിൽ വെച്ചടി കയറ്റമാണ് സൂര്യയ്ക്കുണ്ടായത്. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിലെ ഏറ്റവും മൂല്യമേറിയ ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ്.

Leave a Reply

Your email address will not be published. Required fields are marked *