ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി20യിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തീർത്തും പരാജയപ്പെടുന്നതാണ് കാണാനായത്. പരമ്പരയിലെ രണ്ടാം ട്വന്റി20യിൽ ആറു റൺസും, മൂന്നാം ട്വന്റി20യിൽ 11 റൺസുമായിരുന്നു പന്ത് നേടിയത്. ഇരുമത്സരങ്ങളിലും പന്ത് ഓപ്പണായിയാണ് ബാറ്റിംഗിനിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഈ അവസരത്തിൽ റിഷാഭ് പന്തിന്റെ ടീമിലെ സ്ഥാനത്തെപ്പറ്റി ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ഇന്ത്യയുടെ മുൻ താരം ആകാശ് ചോപ്ര.
റിഷാഭ് പന്ത് ഇന്ത്യയുടെ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടോ എന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്. “റിഷാഭ് പന്ത് ന്യൂസിലാൻഡിനെതിരെയും മോശം പ്രകടനം ആവർത്തിച്ചു. വീണ്ടും ആ ചോദ്യം ഉയരുകയാണ്- പന്ത് ഒരു ഓപ്പണർ ആണോ? അതോ അയാളെ ഓപ്പണറാക്കാനുള്ള ശ്രമമാണോ ഇത്? യഥാർത്ഥത്തിൽ ട്വന്റി20യിൽ പന്ത് സ്ഥാനം അർഹിക്കുന്നുണ്ടോ? അതോ അയാളുടെ കഴിവുകൾ പാഴാക്കാൻ താല്പര്യമില്ലാത്തതിനാൽ ഓപ്പണിങ് ഇറക്കുന്നതാണോ?”- ആകാശ് ചോപ്ര ചോദിക്കുന്നു.
“ഇന്ത്യ പന്തിനെ വൈസ് ക്യാപ്റ്റനായി നിശ്ചയിച്ചാണ് ടീം രൂപീകരിച്ചത്. അതിനാൽ അയാൾ ടീമിന്റെ ഭാഗമായി തന്നെ തുടരുന്നു. എന്നാൽ എവിടെയാണ് പന്ത് ബാറ്റ് ചെയ്യേണ്ടത്? ഇന്ത്യൻ സെലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും ഉള്ളിലുള്ള പ്രധാന ചോദ്യം എങ്ങനെ പന്തിന്റെ മികച്ച പ്രകടനങ്ങൾ പുറത്തുകൊണ്ടുവരുന്നതാണ്.”-ചോപ്ര കൂട്ടിചേർത്തു.
ഇതുവരെ തന്റെ ട്വന്റി20 കരിയറിൽ 66 ഇന്നിങ്സുകൾ കളിച്ച പന്ത് 987 റൺസാണ് നേടിയിട്ടുള്ളത്. ഓപ്പണറായിറങ്ങിയ അഞ്ച് മത്സരങ്ങളിൽ നിന്ന് 14 റൺസ് ശരാശരിയിൽ 71 റൺസ് പന്ത് നേടി. പന്ത് ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യയുടെ ആവശ്യം തന്നെയാണ്.