ആദ്യ പരിശീലനമത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ നേടിയ ആറ് റൺസ് വിജയം ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആവേശം വിതറുന്നതാണ്. പ്രധാനമായും ഇന്ത്യയുടെ ഡെത്ത് ഓവറിലെ മികച്ച ബോളിങ്ങിന്റെ ബലത്തിലായിരുന്നു മത്സരത്തിൽ ഇന്ത്യ വിജയം കണ്ടത്. ഇതിൽ എടുത്തുപറയേണ്ടത് മുഹമ്മദ് ഷാമിയെ തന്നെയാണ്. മത്സരത്തിന്റെ അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ തകർപ്പൻ യോർക്കറുകളാണ് ഷാമിയെറിഞ്ഞത്. ഓവറിൽ 4 റൺസ് മാത്രം വിട്ട്നൽകി മൂന്നു വിക്കറ്റുകൾ ഷാമി പിഴുതു. മത്സരശേഷം ഷാമിയുടെ പ്രകടനത്തെ വളരെയധികം പ്രശംസിച്ചുതന്നെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സംസാരിച്ചത്.
“ഷാമി വളരെയധികം നാളുകൾക്കുശേഷമാണ് ഇന്ത്യയുടെ ടീമിലേക്ക് തിരികെയെത്തുന്നത്. അതിനാൽതന്നെ ഞങ്ങൾ അയാൾക്ക് ഒരു ഓവർ നൽകാൻ തീരുമാനിച്ചിരുന്നു. ഷാമിക്ക് അത് വലിയൊരു ചലഞ്ചായി തന്നെ നൽകണമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് അവസാന അവർ നൽകിയത്. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾ കണ്ടല്ലോ.”- രോഹിത് പറഞ്ഞു.
അവസാന ഓവറിൽ ഒരു റണ്ണൗട്ടടക്കം നാലു വിക്കറ്റുകളായിരുന്നു ഇന്ത്യൻ ടീം വീഴ്ത്തിയത്. മൂന്നാം പന്തിൽ ലോങ്ങ്ഓണിൽ ഒരു തകർപ്പൻ ക്യാച്ചെടുത്ത് വിരാട് കോഹ്ലി ഷാമിക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. അടുത്ത ബോളിൽ ആഗറെ ഷാമി റണ്ണൗട്ടാക്കി. അടുത്ത രണ്ട് ബോളുകളിലും തകർപ്പൻ യോർക്കറുകളോടെ ഷാമി ഇംഗ്ലീസിനെയും റിച്ചാർഡ്സനെയും കൂടാരം കയറ്റി.
മത്സരത്തിലെ ബോളിങ്ങിനെ പ്രശംസിച്ചുകൊണ്ടാണ് രോഹിത് സംസാരിച്ചത്. 15 വർഷത്തെ കരിയറിൽ ഇതാദ്യമായാണ് തന്റെ രാജ്യത്തെ ലോകകപ്പിൽ നയിക്കുന്നതെന്നും അതിൽ അതിയായ അഭിമാനമുണ്ടെന്നും രോഹിത് പറയുകയുണ്ടായി. എന്തായാലും ഇന്ത്യയുടെ ഡെത്ത് ഓവർ ബോളിംഗ് ഷാമി കൂടെ എത്തുന്നതോടെ വളരെയധികം മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.