പലപ്പോഴും ഇന്ത്യൻ ടീമിന്റെ സ്ഥിരസാന്നിധ്യമാകാൻ സാധിക്കാതെ പോയ ക്രിക്കറ്ററാണ് സഞ്ജു സാംസൺ. ഇന്ത്യയ്ക്കായി ആറു വർഷങ്ങൾക്ക് മുമ്പ് അരങ്ങേറിയ സാംസണ് വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ മാത്രമേ ഇന്ത്യയെ പ്രതിനിധീകരിക്കാനായുള്ളൂ. ഇതുവരെ ഇന്ത്യക്കായി 7 ഏകദിനങ്ങളും 16 ട്വന്റി20കളും മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. ഇപ്പോൾ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തുന്നതിലെ പ്രയാസങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസൺ.
ഇന്ത്യൻ ടീമിൽ സ്ഥിരമായി സ്ഥാനം കണ്ടെത്തുക എന്നത് അത്ര അനായാസകാര്യമില്ല എന്നാണ് സഞ്ജുവിന്റെ അഭിപ്രായം. ടീമിലെ സ്ഥാനത്തിനായി ഒരുപാട് മത്സരങ്ങൾ നടക്കുന്നതായും സഞ്ജു പറയുന്നു. “അത് വളരെ ബുദ്ധിമുട്ടുള്ള കാര്യംതന്നെയാണ്. ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താൻ വളരെ പ്രയാസമാണ്. ടീമിനുള്ളിലെ കളിക്കാർക്കിടയിൽ പോലും അതിനായി മത്സരങ്ങൾ നടക്കുന്നുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ ചുറ്റിനും നടക്കുമ്പോൾ, നമ്മൾ നമ്മളിലേക്ക് തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത് “- സഞ്ജു പറയുന്നു.
ഇതോടൊപ്പം തന്റെ ഇതുവരെയുള്ള പ്രകടനത്തിൽ സന്തോഷമുണ്ടെന്നും കൂടുതൽ മികച്ച പ്രകടനങ്ങൾക്കായി ശ്രമിക്കുമെന്നും സഞ്ജു പറയുന്നു. “നമ്മുടെ ടീമിൽ ഒരുപാട് നിലവാരമുള്ള ക്രിക്കറ്റർമാരുണ്ട്. അതിനാൽതന്നെ എല്ലാ കളിക്കാർക്കും തങ്ങളുടെ നിലവാരം ഉയർത്താൻ ഇത് സഹായകമാവുകയും ചെയ്യും. നമ്മൾ നമ്മളോട് തന്നെ പോരാടാൻ പ്രാപ്തരാകും. നമുക്ക് ലഭിക്കുന്ന അവസരങ്ങൾ പൂർണമായും വിനിയോഗിക്കാൻ ശ്രമിക്കും.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.
ഇന്ത്യ എ യുടെ ന്യൂസിലാൻഡ് എയ്ക്ക് എതിരായ മത്സരത്തിന് മുമ്പാണ് സഞ്ജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് സഞ്ജു ക്യാപ്റ്റനായ ഇന്ത്യ എ ടീം കളിക്കുന്നത്. ഇന്നു മുതലാണ് പരമ്പര ആരംഭിക്കുന്നത്. ഒരുപാട് കളിക്കാർക്ക് ദേശീയ ടീമിൽ എത്താനുള്ള അവസരമായിട്ടാണ് പലരും പരമ്പരയെ കാണുന്നത്.