ഇന്ത്യയുടെ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ പ്രധാന ബാറ്ററാവാൻ പോകുന്നത് ക്യാപ്റ്റൻ രോഹിത് ശർമയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 15 വർഷങ്ങൾക്കിപ്പുറം ട്വന്റി 20 ലോകകപ്പ് ജേതാക്കളാകാൻ തയ്യാറാവുന്ന ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ തന്നെയാണ് രോഹിത്. അതിനാൽ തന്നെ ഇന്ത്യൻ ടീമിനായി കുറച്ചധികം റൺസ് രോഹിത് കണ്ടെത്തേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സാബാ കരീം പറയുന്നത്. ഇന്ത്യ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സാബാ കരീം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“അടുത്ത ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കായി രോഹിത് ശർമ കൂടുതൽ റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യം തന്നെയാണ്. അങ്ങനെ അയാൾ ടൂർണമെന്റ്ലെ പ്രധാന കളിക്കാരനായി മാറണം. അങ്ങനെയെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ടൂർണമെന്റ് ജേതാക്കളാവാൻ സാധിക്കൂ”- സാബാ കരീം പറയുന്നു. ഇതോടൊപ്പം രോഹിത് ശർമയുടെ ബാറ്റിംഗ് രീതിയുടെ പ്രത്യേകതകളെക്കുറിച്ചും പറയാൻ സാബാ കരീം മടികാട്ടുന്നില്ല.
രോഹിത് ശർമയുടെ അനായാസം സിക്സർ നേടാനുള്ള കഴിവാണ് അയാളെ മറ്റുള്ള ക്രിക്കറ്റർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് സാബാ കരീം പറഞ്ഞുവയ്ക്കുന്നു. “ബോളർമാരുടെ ലൈനിൽ ചെറിയ വ്യത്യാസങ്ങൾ വന്നാൽ അവരെ ശിക്ഷിക്കാൻ കെൽപ്പുള്ള ബാറ്ററാണ് രോഹിത് ശർമ. അനായാസം സിക്സർ നേടാൻ സാധിക്കുമെന്ന പൂർണമായ ആത്മവിശ്വാസം രോഹിത് ശർമയ്ക്കുണ്ട്.അങ്ങനെ നേടാൻ സാധിക്കുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്. മറ്റൊരു ക്രിക്കറ്ററിലും ഇത്തരമൊരു കഴിവ് കണ്ടിട്ടില്ല.” – സാബാ കരീം കൂട്ടിച്ചേർക്കുന്നു.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ട്വന്റി20യിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു രോഹിത് ശർമ കാഴ്ചവെച്ചത്. 20 പന്തുകളിൽ 46 റൺസ് നേടിയ രോഹിത്തിന്റെ ഇന്നിംഗ്സിന്റെ ബലത്തിൽ മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് വിജയം നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏഷ്യാക്കപ്പിൽ ശ്രീലങ്കയ്ക്കെതിരെയും രോഹിത് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും രോഹിതിന് മികച്ച പ്രകടനം തുടരാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.