ലോകകപ്പ് ട്വന്റി20 പടിവാതിൽക്കൽ എത്തിയിരിക്കുന്ന സമയത്ത് എല്ലാ ടീമുകളും പരിശീലനത്തിൽ തന്നെയാണ്. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത് ശക്തരായ പാക്കിസ്ഥാനെതിരെയാണ്. 2021 ലെ ട്വന്റി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോടേറ്റ ദയനീയ പരാജയത്തിന് കണക്കുതീർക്കാനാവും ഇന്ത്യ ഇറങ്ങുന്നത്. ഈ ബ്ലോക്ക്ബസ്റ്റർ മത്സരത്തിനു മുമ്പുള്ള തയ്യാറെടുപ്പുകളെപറ്റി സംസാരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇപ്പോൾ.
ക്യാപ്റ്റൻ എന്ന നിലയിൽ അവസാന മിനിറ്റുകളിൽ തീരുമാനമെടുക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ലെന്നും അതിനാൽ പാക്കിസ്ഥാനെതിരായ മത്സരത്തിലെ പ്ലെയിങ് ഇലവനെ നേരത്തെ ഇന്ത്യ നിശ്ചയിച്ചെന്നുമാണ് രോഹിത് ശർമ പറയുന്നത്. “അവസാനമിനിറ്റിലെ തീരുമാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. ടീം സെലക്ഷനെ സംബന്ധിച്ച വിവരങ്ങൾ വളരെ നേരത്തെതന്നെ കളിക്കാരുമായി പങ്കുവയ്ക്കാറുണ്ട്. അവർക്ക് മതിയായ തയ്യാറെടുപ്പുകൾക്കും ഇത് സഹായകരമാകും. പാക്കിസ്ഥാനെതിരായ മത്സരത്തിലെ പ്ലെയിങ് ഇലവനെ നേരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.”- രോഹിത് ശർമ പറയുന്നു.
“എന്നെ സംബന്ധിച്ച് കളിക്കുന്നവരെല്ലാം നേരത്തെ തയ്യാറായി തന്നെ ഇരിക്കണം. ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന്റെ പ്രാധാന്യം ഞങ്ങൾക്ക് നന്നായിതന്നെ അറിയാം. പക്ഷേ എപ്പോഴും അത് സംസാരിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങൾ ഏഷ്യാകപ്പിൽ ഏറ്റുമുട്ടിയപ്പോഴും കളിക്കാർ സംസാരിച്ചിരുന്നത് അവരുടെ കുടുംബത്തെക്കുറിച്ചും കയ്യിലുള്ള കാറിനെകുറിച്ചുമൊക്കെയായിരുന്നു.”- രോഹിത് പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
“ടീമുകൾ ഇപ്പോൾ ഭയരഹിതരാണ്. ഞങ്ങളും ആ സമീപനം തിരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ 140 എന്നാൽ ഒരു വിജയ സ്കോർ ആയിരുന്നു. എന്നാൽ ഇപ്പോൾ 14-15 ഓവറുകളിൽ തന്നെ 140 നേടാനാണ് ടീമുകൾ ശ്രമിക്കുന്നത്.”- രോഹിത് പറഞ്ഞുവെക്കുന്നു.