“കോഹ്ലിയ്‌ക്കൊപ്പം ധോണി ഉണ്ടായിരുന്നു, എന്റെ കാര്യം അങ്ങനെ ആയിരുന്നില്ല!! കോഹ്ലിയുമായുള്ള താരതമ്യപ്പെടുത്തൽ കരിയറിനെ ബാധിച്ചു”- ഷഹസാദ്

   

വളരെയേറെ പ്രതീക്ഷകളോടെ പാക്കിസ്ഥാൻ ടീമിലേക്ക് കാലെടുത്തുവച്ച ക്രിക്കറ്ററായിരുന്നു അഹമ്മദ് ഷഹസാദ്. 2009ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷഹസാദ് പാക്കിസ്ഥാനായി ഇതുവരെ 13 ടെസ്റ്റ് മത്സരങ്ങളും 81 ഏകദിനങ്ങളും 59 ട്വന്റി20കളും കളിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി ഷഹസാദ് പാക്കിസ്ഥാൻ ടീമിന് പുറത്താണ്. തന്റെ കരിയറിന് തുടക്കത്തിൽ ഷഹസാദ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യൻ താരം വിരാട് കോഹ്ലിയുമായുള്ള താരതമ്യപ്പെടുത്തലായിരുന്നു. ഇതേക്കുറിച്ചാണ് ഷഹസാദ് ഇപ്പോൾ സംസാരിക്കുന്നത്.

   

തന്റെ കരിയറിൽ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്തത് ദോഷമായി ബാധിച്ചു എന്നാണ് ഷഹസാദ് വിശ്വസിക്കുന്നത്. “ഇത്തരം താരതമ്യങ്ങൾ നമുക്കെതിരെയാണ് നിൽക്കുന്നത്. രണ്ടു മത്സരങ്ങൾക്ക് ശേഷം എല്ലാവരും ഊതിപ്പെരുപ്പിച്ച താരതമ്യങ്ങൾ ആരംഭിക്കുന്നു. ഒരുതരത്തിലും അത് ശാശ്വതമല്ല. കാരണം ഞാനും കോഹ്ലിയും രണ്ടുതരം വ്യക്തിത്വങ്ങളാണ്. രണ്ടുതരത്തിൽ ജീവിക്കുന്നവരുമാണ്.”- ഷഹസാദ് പറയുന്നു.

   

“കോഹ്ലിയുടെ ജീവിതം വളരെ വ്യത്യസ്തമാണ്. അയാൾക്കൊപ്പം ധോണി ഉണ്ടായിരുന്നു. എന്നാൽ എന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. ഞാൻ ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടുതരം കാര്യങ്ങളാണ് ഉണ്ടാവാറുള്ളത് – ഒന്നുകിൽ നമുക്ക് എല്ലാവരുടെയും പിന്തുണ ലഭിക്കും. അല്ലെങ്കിൽ എല്ലാവരും നമ്മളെ പുറത്താക്കാൻ ശ്രമിക്കും.”- ഷഹസാദ് കൂട്ടിച്ചേർക്കുന്നു.

   

ഈ ലോകകപ്പിൽ വമ്പൻ പ്രകടനങ്ങൾ തന്നെയാണ് വിരാട് കോഹ്ലി കാഴ്ചവയ്ക്കുന്നത്. 2019 ന് ശേഷം അത്ര മികച്ച ഫോമിലായിരുന്നില്ല വിരാട് കോഹ്ലി കളിച്ചിരുന്നത്. എന്നാൽ 2022ലെ കോഹ്ലി ഏഷ്യാകപ്പിലൂടെ ഫോം വീണ്ടെടുക്കുകയും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലോകകപ്പിൽ ഇതുവരെ 4 ഇന്നിങ്സുകളിൽ നിന്ന് 220 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *