ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പറായിരുന്ന പാർഥിവ് പട്ടേൽ മുൻപും പല കാര്യങ്ങളിലും ഇന്ത്യൻ ടീമിനെയടക്കം വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുള്ള ക്രിക്കറ്ററാണ്. തന്റെ അഭിപ്രായങ്ങൾ മറച്ചുവയ്ക്കാത്ത പാർഥിവ് മികച്ച ഒരു അനലിസ്റ്റ് ആണ്. ഇപ്പോൾ 2019 ലോകകപ്പിലെ ഇന്ത്യ-ന്യൂസിലാൻഡ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് പറ്റിയ ഗുരുതരമായ ഒരു തെറ്റ് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാർഥിവ് പട്ടേൽ.
ഇന്ത്യ-ന്യൂസിലാൻഡ് 2019 ലോകകപ്പ് സെമിയിൽ സീനിയർ ബാറ്ററായ ധോണിയെ ബാറ്റിംഗിന് നേരത്തെ ഇറക്കാതിരുന്നതിനെയാണ് പാർഥിവ് ഇപ്പോൾ വിമർശിച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യയ്ക്ക് മുൻനിര ബാറ്റർമാരെ ആദ്യമായി നഷ്ടമാവുകയായിരുന്നു. എന്നാൽ അതിനുശേഷം ദിനേശ് കാർത്തിക് ബാറ്റിംഗിനിറങ്ങുകയും ധോണിയുടെ ബാറ്റിങ് പൊസിഷൻ മാറ്റുകയും ചെയ്തിരുന്നു. ഇതാണ് 2019 ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ പരാജയത്തിന് കാരണം എന്നാണ് പാർഥിവ് പറഞ്ഞുവയ്ക്കുന്നത്.
ധോണി അൽപം നേരത്തെ ബാറ്റിംഗിന് ഇറങ്ങിയിരുന്നെങ്കിൽ ഇന്ത്യയ്ക്കുവേണ്ടി മത്സരം വിജയിപ്പിച്ചേനെ എന്നാണ് പാർഥിവ് പറയുന്നത്. ” 2019ലെ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യൻ ടീം ദിനേശ് കാർത്തിക്കിനെ അഞ്ചാമനായും ധോണിയെ ഏഴാമനായുമാണ് ബാറ്റിങ്ങിനിറക്കിയത്. അത് തെറ്റായ തീരുമാനമായിരുന്നു. ഡ്രസ്സിങ് റൂമിൽ ഇരുന്ന് കളി ജയിപ്പിക്കാനുള്ള കഴിവൊന്നും ധോണിക്കില്ലല്ലോ.”- പാർഥിവ് പറയുന്നു.
ലോകകപ്പ് സെമിയിൽ ഹൃദയഭേദകമായ 18 റൺസിന്റെ പരാജയമായിരുന്നു അന്ന് ഇന്ത്യയ്ക്കുണ്ടായത്. മത്സരത്തിൽ 59 പന്തുകളിൽ 77 റൺസ് നേടിയ ജഡേജ ടോപ് സ്കോററായി. ധോണി 50 റൺസ് നേടുകയുണ്ടായി. എന്നാൽ ഇന്ത്യൻ ഇന്നിങ്സിന്റെ 49ആം ഓവറിൽ ധോണി റൺഔട്ട് ആയതോടെ മത്സരം മാറിമറിയുകയായിരുന്നു.