ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച രണ്ട് നായകന്മാരുടെ പേര് പരിശോധിച്ചാൽ ആദ്യം വരുന്നത് എം എസ് ധോണിയുടെയും റിക്കി പോണ്ടിങ്ങിന്റെയും പേരുകളാവും. ഓസ്ട്രേലിയക്കായി 2003ലും 2007ലും തുടർച്ചയായി 50 ഓവർ ലോകകപ്പ് നേടിയ നായകനാണ് പോണ്ടിങ്. ഐസിസിയുടെ മൂന്ന് ട്രോഫികളും നേടിയ ഒരേയൊരു നായകനാണ് എംഎസ് ധോണി. ഇപ്പോൾ ഇരുനായകന്മാരെയും താരതമ്യം ചെയ്ത് സംസാരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്.
പോണ്ടിങ്ങും ധോണിയും മികച്ച നായകന്മാരാണെന്നും, എങ്കിലും മറ്റു രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ധോണിയാണ് കുറച്ചു മുൻപിലെന്നും ഹോഗ് പറയുന്നു. ” പോണ്ടിങ്ങിന് മനോഹരമായ ഒരു ടീം ഉണ്ടായിരുന്നു. ധോണിക്കും ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് രണ്ടുപേർക്കും അവിസ്മരണീയമായ റെക്കോർഡുകൾ തന്നെയാണുള്ളത്. നമുക്ക് അവരെ വേർതിരിക്കാൻ സാധിക്കില്ല. എന്നിരുന്നാലും ഇന്ത്യൻ ടീമിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ പോണ്ടിങ്ങിനേക്കാളും പ്രയാസം അനുഭവിച്ച നായകൻ ധോണിയാവും. അത് ധോണിയെ പോണ്ടിങ്ങിനെക്കാൾ മുൻപിലെത്തിക്കുന്നു. ഹോഗ് പറയുന്നു.
“റിക്കി പോണ്ടിങ്ങിന് ഗുണമുണ്ടായിരുന്ന മറ്റൊരു കാര്യം ടീമിലെ കളിക്കാരുടെ അനുഭവസമ്പത്തായിരുന്നു. എല്ലാവരും പരിചയസമ്പന്നരും തങ്ങളുടെ റോളുകളെ പറ്റി കൃത്യമായ ബോധ്യമുള്ളവരുമായിരുന്നു. അവരെ നിയന്ത്രിക്കേണ്ട കാര്യം മാത്രമേ പോണ്ടിങ്ങിന് ഉണ്ടായിരുന്നുള്ളൂ. ധോണിയെ സംബന്ധിച്ച് കാര്യങ്ങൾ അങ്ങനെയായിരുന്നില്ല.”- ഹോഗ് കൂട്ടിച്ചേർക്കുന്നു.
“ചോദ്യം അല്പം പ്രയാസമുള്ളതാണ്. പക്ഷേ ഇന്ത്യൻ ടീമിലുള്ള അധിക രാഷ്ട്രീയം കണക്കിലെടുക്കുമ്പോൾ ധോണി തന്നെയാണ് പോണ്ടിങ്ങിന് മുൻപിൽ. പോണ്ടിങ് ക്ഷമിക്കണം.”- ഹോഗ് പറഞ്ഞുവെക്കുന്നു. എന്തായാലും ലോകം കണ്ട ഏറ്റവും മികച്ച രണ്ട് നായകന്മാർ തന്നെയാണ് ധോണിയും പോണ്ടിങ്ങും. ഇവർക്ക് ശേഷം ഇവരെപ്പോലുള്ള നായകന്മാർ ക്രിക്കറ്റിൽ വന്നിട്ടില്ല.