അബുദാബി T10 ലീഗിൽ വെടിക്കെട്ട് തീർക്കാൻ ധോണി വരുന്നു? മുന്നൊരുക്കങ്ങളുമായി അബുദാബി തയാർ

   

ക്രിക്കറ്റിനു തന്നെ മറ്റൊരു തലം നൽകിയ ഫ്രാഞ്ചൈസി ടൂർണമെന്റാണ് അബുദാബി ടി ടെൻ ലീഗ്. ലോകത്താകമാനമുള്ള ക്രിക്കറ്റർമാർ അണിനിരക്കുന്ന ലീഗിന്റെ ആറാം സീസൺ സമാപനം കുറിച്ചത് ദിവസങ്ങൾക്ക് മാത്രം മുൻപാണ്. അതിനുപിന്നാലെ തന്നെ അടുത്ത സീസണിനുള്ള മുന്നൊരുക്കങ്ങൾ അബുദാബി ക്രിക്കറ്റ് ആരംഭിച്ചു കഴിഞ്ഞു. അബുദാബി ടി ടെൻ ലീഗിന്റെ അടുത്ത സീസണിൽ കളിക്കുന്നതിനായി തങ്ങൾ ഇന്ത്യയുടെ മുൻനായകനായ എം എസ് ധോണിയെ സമീപിക്കുമെന്നാണ് ടി ടെൻ സ്പോർട്സ് ലീഗ് ചെയർമാൻ ഷാജി മൾക്ക് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

   

ഇന്ത്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായും വിരമിച്ച ധോണി നിലവിൽ ഐപിഎൽ മാത്രമാണ് കളിക്കുന്നത്. 2023ലെ ഐപിഎൽ സീസണിന് ശേഷം ധോണി അതിൽ നിന്ന് വിരമിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം തങ്ങളുടെ ടൂർണമെന്റിലേക്ക് സമീപിക്കാനാണ് ഷാജി മൾക്കിന്റെ തീരുമാനം. “ടി ടെൻ ക്രിക്കറ്റിൽ ധോണി ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞങ്ങൾക്ക് ലീഗിന് മുൻപ് ധോണി ഒരുപാട് ഉപദേശങ്ങൾ നൽകിയിരുന്നു. അദ്ദേഹം ബാക്കിയെല്ലാ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഞങ്ങൾ തീർച്ചയായും അദ്ദേഹത്തെ സമീപിക്കും.”- ഷാജി മൾക്ക് പറഞ്ഞു.

   

നിലവിലെ ബിസിസിഐ നിയമങ്ങളെപ്പറ്റിയും ഷാജി സംസാരിക്കുകയുണ്ടായി. “ബിസിസിഐ വിരമിച്ച കളിക്കാരെ ലീഗിൽ കളിക്കാൻ അനുവദിച്ചിട്ടുണ്ട്. റോബിൻ ഉത്തപ്പ അടക്കമുള്ളവർ അടുത്ത വർഷം ലീഗിൽ കളിക്കും. സുരേഷ് റെയ്‌ന നിലവിൽ ലീഗിൽ കളിക്കുന്നുണ്ട്. മറ്റു പല കളിക്കാരും ഞങ്ങളുമായി സംസാരിക്കാറുണ്ട്. പലരും ബിസിസിഐ അനുമതിക്കായി കാത്തുനിൽക്കുകയാണ്.”- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

   

8 ടീമുകളാണ് അബുദാബി ടി10 ലീഗിൽ കളിക്കുന്നത്. 33 മത്സരങ്ങൾ ടൂർണമെന്റിലുണ്ട്. ആറാം സീസണിൽ റൈന, പൊള്ളാർഡ്, മോർഗൺ, ബ്രാവോ തുടങ്ങിയവർ ടൂർണമെന്റിൽ അണിനിരന്നിരുന്നു. ഇനിയും കൂടുതൽ ക്രിക്കറ്റർമാർ അബുദാബി ടി ടെൻ ലീഗിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *